ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി-നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പോരാട്ടം

author

പനജി: ഐ എസ് എല്ലിൽ മുംബൈ സിറ്റി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം മാഞ്ചസ്റ്റർ സിറ്റിയുടെ പിൻബലവുമായി മുംബൈ സിറ്റി. വടക്കു കിഴക്കൻ ഇന്ത്യയുടെ പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ടീം ഉടച്ചുവാർത്താണ് മുംബൈ ഇറങ്ങുന്നത്.

ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ, എഫ് സി ഗോവയുടെ പരിശീലകൻ സെ‍ർജിയോ ലൊബേറയെയും താരങ്ങളെയും റാഞ്ചി. ഗോവയുടെ ഹ്യൂഗോ ബൗമസ്, അഹമ്മദ് ജാഹു, മൗർറ്റാർഡ, മന്ദർറാവു ദേശായ്, കേരള ബ്ലാസ്റ്റേഴ്സ് നായകനായിരുന്ന ബാർത്തലോമിയോ ഒഗ്ബചേ തുടങ്ങിയവരെല്ലാം ഇത്തവണ മുംബൈ നിരയിലുണ്ട്. ഗോളടിവീരൻ ആഡം ലെ ഫ്രോണ്ടെ, ഹെർനാൻ സാന്‍റാന, റൗളിംഗ് ബോർജസ്, അമരീന്ദർ സിംഗ് തുടങ്ങിയവർക്കൊപ്പം ലൊബേറയുടെ ആക്രമണ തന്ത്രങ്ങൾകൂടി ചേരുമ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാവില്ല.

യുവപരിശീലകൻ ജെറാർഡ് നുസിന്‍റെ ശിക്ഷണത്തിൽ ഇറങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ എഞ്ചിൻ ഉറുഗ്വേ മധ്യനിരതാരം ഫെഡെറിക്കോ ഗാലെഗോയാണ്. ഇദ്രിസെ സില്ല, ക്വസി അപിയ, ലൂയിസ് മച്ചാഡോ, ബെഞ്ചമിൻ ലെംബോട്ട് എന്നീ വിദേശ താരങ്ങൾക്കൊപ്പം ഗോളി സുഭാശിഷ് റോയ് ചൗധരിയും ഒരുപിടി യുവതാരങ്ങളും ഹൈലാൻഡേഴ്സ് നിരയിലുണ്ട്.

സ്ട്രൈക്കർമാരായ വി പി സുഹൈർ, ബ്രിട്ടോ, ഡിഫൻഡർ മഷൂർ ഷെരീഫ് എന്നിവരാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെ മലയാളി താരങ്ങൾ. സ്പാനിഷ് പരിശീലകർക്ക് കീഴിൽ ഇറങ്ങുന്ന ഇരുടീമും ആക്രമണ ഫുട്ബോൾ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.

മുംബൈ സിറ്റിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഐ എസ് എല്ലിൽ പന്ത്രണ്ട് മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴ് കളിയിലും മുംബൈയ്ക്കായിരുന്നു ജയം. നോർത്ത് ഈസ്റ്റ് മൂന്ന് കളിയിൽ മാത്രമാണ് ജയിച്ചത്. രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. മുംബൈ ആകെ പതിനേഴ് ഗോൾ നേടിയപ്പോൾ 12 ഗോളാണ് നോർത്ത് ഈസ്റ്റിന്‍റെ അക്കൗണ്ടിലുള്ളത്.

കഴിഞ്ഞ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഇരുടീമും രണ്ടുഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം മത്സരത്തിൽ മുംബൈ ഒറ്റഗോളിന് ജയിച്ചു. ഇതുവരെ ഐ എസ് എൽ കിരീടം നേടാത്ത ടീമുകളാണ് മുംബൈയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി ഐ നല്‍കുന്ന 336 ജിബിയുടെ ഡാറ്റ പ്ലാനുകള്‍ നോക്കാം

വിഐ (വോഡഫോണ്‍-ഐഡിയ) ഉപഭോക്താക്കള്‍ക്കായി പുതിയൊരു പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നു. 269 രൂപ വിലയുള്ള പ്ലാനാണ് വിഐ പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും ഈ പ്ലാനില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 56 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. വോയിസ് കോളുകള്‍ക്കാണ് ഈ പ്ലാന്‍ പ്രാധാന്യം നല്‍കുന്നത്. മറ്റ് ടെലിക്കോം കമ്ബനികളും 300 രൂപയില്‍ താഴെ വിലയുള്ള പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 249 രൂപയുടെ പ്ലാനാണ എയര്‍ടെലിന് ഉള്ളത്. ദിവസവും 2 ജിബി ഡാറ്റ, 100 […]

Subscribe US Now