കോവിഡ് 19: രോഗ ബാധിതര്‍ക്ക് വീടുകളില്‍ ചികിത്സാനുമതിക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളായി

author

കൊല്ലം: സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും സമയാസമയങ്ങളില്‍ നിഷ്‌ക്കര്‍ഷിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരും എന്നാല്‍ രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരുമായ കോവിഡ് രോഗബാധിതരെ അവരവരുടെ വീടുകളില്‍ തന്നെ താമസിപ്പിച്ച്‌ ചികിത്സ നല്‍കുവാന്‍ ആവശ്യമായ അനുമതി നല്‍കിയും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ താഴെപ്പറയുന്ന ഉപാധികള്‍ക്ക് വിധേയമായി ചുമതലപ്പെടുത്തിയും ജില്ലാ കലക്ടര്‍ ഉത്തരവായി.

കോവിഡ് രോഗബാധിതര്‍ക്ക് അവരവരുടെ വീടുകളില്‍ തന്നെ താമസിപ്പിച്ച്‌ ചികിത്സ സ്വീകരിക്കുവാന്‍ കഴിയുമോ എന്ന് തീരുമാനിക്കുന്നത് അതത് പ്രദേശത്ത് അധികാര പരിധിയുള്ള ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ഓഫീസറുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥനായിരിക്കണം. കോവിഡ് സ്ഥിരീകരിക്കുന്നത് ആരോഗ്യ വകുപ്പ് അംഗീകരിച്ച രീതിയിലുള്ള ഏതെങ്കിലും അംഗീകൃത പരിശോധനാ മാര്‍ഗത്തിലായിരിക്കണം. രോഗ ബാധയുള്ളയാള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നയാള്‍ ആയിരിക്കരുത്. ഗൃഹ ചികിത്സ സ്വീകരിക്കുന്നയാള്‍ മറ്റേതെങ്കിലും ഗുരുതരമായ രോഗബാധയുള്ളയാളായിരിക്കരുത്. ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കും 12 വയസിന് താഴെയുള്ള കുട്ടികളേയും 60 വയസിന് മുകളില്‍ പ്രായമായവരേയും ഗൃഹചികിത്സ സ്വീകരിക്കുവാന്‍ അനുവദിക്കുന്നതല്ല.

എന്നാല്‍ 12 വയസിന് താഴെയുള്ള ഒരു കുട്ടിയുടെ കൂടെ മാതാപിതാക്കളോ രക്ഷകര്‍ത്താവോ കൂടി റൂം ഐസൊലേഷനില്‍ പോകാന്‍ തയ്യാറാണെങ്കില്‍ അത് അംഗീകരിച്ച്‌ മൂന്നാമതൊരാള്‍ക്ക് പരിപാലന ചുമതല നല്‍കാവുന്നതാണ്. ബുദ്ധിമാന്ദ്യം തുടങ്ങി മറ്റ് മാനസിക പ്രശ്‌നമുള്ളവരെ ഗൃഹ ചികിത്സക്ക് വിധേയരാക്കാന്‍ പാടില്ല. കോവിഡ് രോധബാധിതര്‍ക്ക് ഗൃഹ ചികിത്സ, സുരക്ഷിത സാഹചര്യത്തില്‍കഴിഞ്ഞ് സ്വീകരിക്കാന്‍ തക്കവണ്ണം ശുചിമുറിയും മതിയായ വെന്റിലേഷന്‍ സൗകര്യവുമുള്ള പ്രത്യേക മുറി വീട്ടില്‍ തന്നെ ഉണ്ടായിരിക്കണം.
പ്രായമായവരോ മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരോ വീട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കഴിയാന്‍ പ്രത്യേകമായ താമസ സൗകര്യങ്ങള്‍ അതത് വീടുകളില്‍ ഉണ്ടായിരിക്കണം.

കഴിയുന്നിടത്തോളം ഇത്തരം ആള്‍ക്കാരെ കോവിഡ് രോഗ ബാധിതര്‍ കഴിയുന്ന വീട്ടില്‍ നിന്നും മാറ്റി താമസിപ്പിക്കേണ്ടതാണ്. റൂം ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണം/മരുന്ന് എന്നിവ നല്‍കുന്നതിനായി മൂന്നാമതൊരാളെ അതേ കുടുംബത്തില്‍ നിന്നും തന്നെ നിശ്ചയിക്കാം. എന്നാല്‍ സമ്ബര്‍ക്കം വഴി രോഗബാധിതനാകാതിരിക്കാന്‍ ഇദ്ദേഹം ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിച്ച്‌ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരിക്കണം. ടെലി മെഡിസിന്‍/കൗണ്‍സിലിംങ് സംവിധാനത്തിലൂടെയായിരിക്കും രോഗ ബാധിതര്‍ക്കും കെയര്‍ ഗിവര്‍ക്കും ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കുന്നത്. രോഗബാധിതര്‍ ചികിത്സയില്‍ കഴിയുന്ന ഗൃഹത്തില്‍ ഒരു സന്ദര്‍ശകരേയും അനുവദിക്കില്ല. അത്തരം ഗൃഹങ്ങള്‍ പതിവായി അണുനശീകരണം നടത്തേണ്ടതും അതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഫോണിലൂടെ ബന്ധപ്പെട്ട ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ നല്‍കേണ്ടതുമാണ്.

കോവിഡ് രോഗബാധിതര്‍ പിന്‍തുടരേണ്ട ആഹാര രീതിയും മറ്റ് ചികിത്സാക്രമങ്ങളും ആരോഗ്യ വകുപ്പധികൃതരുടെ നിര്‍ദേശ പ്രകാരം മാത്രമായിരിക്കണം. ഇത്തരത്തില്‍ ഗൃഹ ചികിത്സയില്‍ കഴിയുന്നവര്‍, പള്‍സ് ഓക്‌സിമീറ്റര്‍ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കാത്ത പക്ഷം സ്വന്തമായി വാങ്ങി ആരോഗ്യ വകുപ്പധികൃതരുടെ നിര്‍ദേശപ്രകാരം ഉപയോഗിച്ച്‌ സ്വയം ആരോഗ്യ പരിശോധന നടത്തേണ്ടതാണ്. രോഗ ബാധിതര്‍ക്ക് സ്വയം പരിശോധന എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച വിശദമായ ലഘുലേഖ ആരോഗ്യവകുപ്പ് നല്‍കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കോവിഡ് രോഗ ബാധിതര്‍ ചികിത്സാ, ആരോഗ്യചര്യാ ക്രമങ്ങള്‍ പിന്‍തുടരുന്നുണ്ടെന്ന് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ക്ക് ബോധ്യമാകാത്ത പക്ഷം ടിയാനെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ്. രോഗബാധിതര്‍ക്ക് പരിചരണം നല്‍കുന്നവര്‍ രോഗബാധിതന് ആഹാര വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കൈമാറേണ്ടി വരുമ്ബോള്‍ മൂന്ന് ലെയര്‍ മാസ്‌ക്ക് ധരിക്കണം. രോഗബാധിതര്‍ വസ്ത്രങ്ങള്‍ സ്വയം ഐസൊലേഷന്‍ റൂമിനോടനുബന്ധിച്ച ബാത്ത്‌റൂമില്‍ വച്ച്‌ തന്നെ കഴുകി ഉപയോഗിക്കണം. എന്നാല്‍ വസ്ത്രങ്ങള്‍ കഴുകിയതിന് ശേഷം ഉണക്കാനായി കെയര്‍ ഗിവര്‍ക്ക് നല്‍കാം.

മെഡിക്കല്‍ ഓഫീസര്‍ രോഗബാധിതരുമായി ദിനംപ്രതി രണ്ട് തവണ ഫോണില്‍ ബന്ധപ്പെട്ട് രോഗിയുടെ ആരോഗ്യ സ്ഥിതിവിലയിരുത്തണം. ഗൃഹ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ വീട്ടിലെ ജൈവ മാലിന്യങ്ങള്‍ ആഴത്തില്‍ കുഴിച്ചു മൂടുകയോ അഥവാ കത്തിച്ചു കളയുകയോ ചെയ്യേണ്ടതും മറ്റുള്ളവ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലേറേറ്റ് ലായനി ഉപയോഗിച്ച്‌ ശുചീകരിക്കേണ്ടതുമാണ്. ചികിത്സ ആരംഭിച്ച്‌ പത്താം ദിവസം അഥവാ രോഗ ബാധിതന്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്ബോള്‍ പരിപാലന ചുമതലയുണ്ടായിരുന്നയാളെ ആന്റിജന്‍ ടെസ്റ്റിന് വിധേയനാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരു നഗരത്തെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ സര്‍ ബോംബെ; റഷ്യ പുറത്തുവിട്ട ഭീകരമായ ദൃശ്യങ്ങള്‍

മോസ്‌കോ: അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യ. 1961 ഒക്ടോബര്‍ 30ന് പരീക്ഷിച്ച ‘സാര്‍ ബോംബ’യുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും പുറത്തുവിട്ടിരിക്കുന്നത്. ആറ് ദശകത്തോളമായി ഈ ബോംബിന്റെ വീഡിയോ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. റഷ്യന്‍ ആണവ വ്യവസായത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആര്‍ട്ടിക്കിലെ ബാരന്റ് കടലിലാണ് വിമാനത്തില്‍ നിന്ന് ഈ ബോംബ് പരീക്ഷിച്ചത്. 26.5 ടണ്‍ […]

Subscribe US Now