തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചിട്ടില്ല; നടത്തിപ്പ് മാത്രമാണ് അദാനിയെ ഏല്പിച്ചത്: വി.മുരളീധരന്‍

author

ന്യുഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചിട്ടില്ലെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും കേന്ദ്രസര്‍ക്കാരിനുമാണ്. നടത്തിപ്പ് മാത്രമാണ് അദാനി ഗ്രൂപ്പിനെ ഏല്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠനങ്ങളുടെയും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ 2005-2006 കാലഘട്ടത്തില്‍ യുപിഎ സര്‍ക്കാര്‍ ഡല്‍ഹി, മുംബൈ, ബംഗലൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങള്‍ ഒരു പിപിപി മാതൃകയില്‍ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്പിച്ചത്. രാജ്യത്തിന്റെ വ്യോമയാന ഇടപാടുകളില്‍ 33% ശതമാനം കൈകാര്യം ചെയ്യുന്നത് ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലാണ്. ഇതിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ 29,000 കോടി രൂപയുടെ അധിക വരുമാനമാണ് ഈ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. അത് രാജ്യത്തെ രണ്ടും മൂന്നു നിരകളിലുള്ള നഗരങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിനും ദേശീയ തലത്തില്‍ വിമാന സര്‍വീസുകള്‍ കൂടുതല്‍ സജീവമാക്കുന്നതിനും സാധാരണക്കാരന്റെ വിമാന സര്‍വീസ് കൂടുതല്‍ പ്രാപ്യമാക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങളുടെ കാര്യമാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളെ ഏല്പിക്കാന്‍ ചര്‍ച്ച നടത്തിയത്. ഈ സമയം സംസ്ഥാന സര്‍ക്കാര്‍ കൂടി പങ്കാളിയാകാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് നടത്തിപ്പില്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. അതേതുടര്‍ന്ന് തിരുവനന്തപുരം ഒഴിവാക്കി മറ്റ് അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പു കൈമാറ്റവുമായി മുന്നോട്ടുപോയി. തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നിര്‍ദേശം, അതില്‍ സംസ്ഥാന സര്‍ക്കാരിന് 26% പങ്കാളിത്തമുള്ള കമ്ബനി ടെന്‍ഡര്‍ പ്രക്രിയയില്‍ പങ്കെടുക്കും. അതില്‍ ഏറ്റവും ഉയര്‍ന്ന ക്വോട്ട് ആരുടെയാണെങ്കിലൂം അതിനേക്കാള്‍ പത്ത് ശതമാനം കുറവാണെങ്കില്‍ പോലും സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്ബനിക്ക് മുന്‍ഗണന ലഭിക്കും. ആ കമ്ബനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ മാത്രമേ ഏറ്റവും ഉയര്‍ന്ന തുക ക്വോട്ട് ചെയ്ത കമ്ബനിക്ക് ടെന്‍ഡര്‍ ലഭിക്കു. ഇത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.

ഇത് പ്രകാരം ടെക്‌നിക്കല്‍ ബിഡ് വച്ചു. അതില്‍ മൂന്നു കമ്ബനികള്‍ യോഗ്യത നേടി. ഫിനാന്‍ഷ്യല്‍ ബിഡ് വന്നപ്പോള്‍ ഒരു യാത്രക്കാരനില്‍ നിന്ന് എത്ര തുക എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് കാണിക്കണം. സംസ്ഥാന സര്‍ക്കാര്‍ 135 രൂപ ബിഡ് കാണിച്ചപ്പോള്‍ അദാനി ഗ്രൂപ്പ് 168 രൂപ കാണിച്ചു. ഉയര്‍ന്ന തുക കാണിക്കുന്ന കമ്ബനിക്കാണ് ടെന്‍ഡര്‍ നല്‍കുക. അതില്‍ പത്ത് ശതമാനത്തില്‍ കുറവ് ആണെങ്കില്‍ മാത്രമാണ് സംസഥാനത്തിന് ലഭിക്കുക. എന്നാല്‍ 19.4% വ്യത്യാസം വന്നതോടെ യര്‍ന്ന ലേലത്തുക കാണിച്ച അദാനിക്ക് ടെന്‍ഡര്‍ പോയി. ഇത് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി അംഗീകരിച്ച കാര്യമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

അദാനിക്ക് കൊടുത്ത ലേലത്തുക നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ പോകാന്‍ ഒരുങ്ങുന്നത്. എന്നാല്‍ അക്കാര്യം ആദ്യമേ തന്നെ കരാറില്‍ പറഞ്ഞിരുന്നുവെങ്കില്‍, സ്വാഭാവികമായും കേരളത്തിന് ലഭിച്ചേനെ. ടെന്‍ഡര്‍ തുക നിശ്ചയിച്ചതില്‍ എന്തെങ്കിലും കള്ളക്കളി നടന്നിരുന്നോ എന്നറിയില്ല. അദാനിയുടെ ബന്ധുവാണ് സംസ്ഥാന സര്‍ക്കാരിന് കണ്‍സള്‍ട്ടന്‍സി നല്‍കിയത് എന്നൊക്കെ വാര്‍ത്ത കേള്‍ക്കുന്നു. അത് മാത്രമല്ല, കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരുവനന്തപുരം വിമാനത്താവളത്തിന് എത്ര വരുമാനം ലഭിച്ചു എന്ന് കണക്കുണ്ട്. 136 കോടി രൂപയോളമാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കിട്ടിയത്. ഈ വര്‍ഷം ഇത്ര യാത്രക്കാര്‍ യാത്ര ചെയ്യുമെന്നും അവരില്‍ നിന്ന് ഇത്ര വരുമാനം കിട്ടുമെന്നും കണക്കുണ്ട്. ആ തുകയില്‍ നിന്നും കുറഞ്ഞ തുകയാണ് സര്‍ക്കാര്‍ ക്വോട്ട് ചെയ്തത്. ടെന്‍ഡര്‍ എങ്ങനെയായിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കൂടി അംഗീകരിച്ച ഒരു നടപടിക്രമം പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമവുമായി മുന്നോട്ടുപോയശേഷം അത് അംഗീകരിക്കില്ല എന്ന് പറയുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. അത്തരം വാദത്തിന് നിലനില്‍പ്പില്ല.

സര്‍വകക്ഷിയോഗം പാസാക്കുന്ന പ്രമേയത്തിന് എന്ത് പ്രസക്തിയാണനുള്ളത്. യൂണിയന്‍ ലിസ്റ്റില്‍ പെട്ടതാണ് വിമാനത്താവളങ്ങളുടെ വികസനം. ആ വിഷയത്തില്‍ നിയമസഭാ പാസാക്കുന്ന പ്രമേയത്തിന് ഒരു തരത്തിലുള്ള നിയമസാധുതയുമില്ല. ഭരണഘടനാപരമായ നിലനില്‍പ്പുമില്ല. നിയമസഭയുടെ സമയം നഷ്ടപ്പെടുത്തി പൊതുജനങ്ങളുടെ പണം നഷ്ടപ്പെടുത്തുകയാണ് നിയമസഭാ അംഗങ്ങളും അധ്യക്ഷനും അടക്കം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജ്വല്ലറിയുടെ പേരില്‍ നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചു;എം സി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു

മഞ്ചേശ്വരം: നിക്ഷേപമായി സ്വീകരിച്ച പണം തിരിച്ച്‌ നിക്ഷേപകര്‍ക്ക് നല്‍കാത്തതിന്‌ മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി കമറുദ്ദീനെതിരെ പോലീസ് കേസെടുത്തു. ചന്തേര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാള്‍ ജ്വല്ലറിയുടെ പേരില്‍ നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ ആണ് പോലീസ് കേസെടുത്തത്. ഇയാള്‍ മൂന്ന് കോടിയിലേറെ രൂപ നിരവധി പേരില്‍ നിന്ന് നിക്ഷേപമായി വാങ്ങിച്ചിരുന്നു

You May Like

Subscribe US Now