പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന വേണ്ട, സര്‍ക്കാരിന് പൊളിച്ച്‌ പണിയാമെന്ന് സുപ്രീംകോടതി

author

ദില്ലി: കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ച്‌ പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭാരപരിശോധന നടത്തി അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയോ എന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പാലത്തിന്‍റെ ദുര്‍ബലസ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി തയ്യാറാക്കിയ റിപ്പോര്‍ട്ട് അടക്കം ഹാജരാക്കി സംസ്ഥാനസര്‍ക്കാര്‍ വിശദമായി വാദം നടത്തി.

പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ സുപ്രീംകോടതി ശരിവച്ചു. നിരവധി ജീവനുകളുടെ കാര്യമാണ്. പാലം അപകടാവസ്ഥയിലാണെങ്കില്‍ അതില്‍ പരിശോധന നടത്തേണ്ടതില്ല. പൊളിച്ചു പണിയണമെങ്കില്‍ സര്‍ക്കാരിന് അതാകാം – സുപ്രീംകോടതി നിരീക്ഷിച്ചു.

എന്നാല്‍ ഭാരപരിശോധന നടത്തിയാല്‍ മതിയെന്ന നിലപാട് പാലം പണിഞ്ഞ കരാറുകാരും കണ്‍സള്‍ട്ടന്‍സിയായ കിറ്റ്‍കോയും പല തവണ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. പാലാരിവട്ടം പാലം കേസ് വേഗത്തില്‍ പരിഗണിച്ച്‌ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് തീര്‍പ്പുണ്ടായിരിക്കുന്നത്. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്.

അപേക്ഷയില്‍ കേരളം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവയൊക്കെയാണ്: അടിയന്തരമായി പാലാരിവട്ടത്തെ മേല്‍പ്പാലം ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ കൊച്ചിയില്‍ ഗതാഗതം സ്തംഭിക്കും. അനുദിനം ഗതാഗതക്കുരുക്ക് കൂടിവരുന്ന നഗരമാണ് കൊച്ചി. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം സെപ്റ്റംബറില്‍ തുറക്കുന്നത് പാലാരിവട്ടത്തെ സ്ഥിതി രൂക്ഷമാക്കും.

പാലം നിലനില്‍ക്കുമോ എന്നറിയാന്‍ ലോഡ് ടെസ്റ്റ് നടത്തിയതുകൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ല. പാലം അതീവഗുരുതരാവസ്ഥയിലാണെന്ന് ഇതേക്കുറിച്ച്‌ പഠിച്ച പല വിദഗ്‍ധസമിതികളും റിപ്പോര്‍ട്ട് നല്‍കിയതാണ്. മേല്‍പ്പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകും. അറ്റകുറ്റപ്പണി നടത്തിയാല്‍ 20 വര്‍ഷം മാത്രമാണ് പരമാവധി ആയുസ്സുണ്ടാകുക എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ്, പാലാരിവട്ടം പാലം കേസില്‍ തല്‍സ്ഥിതി തുടരട്ടെയെന്നും, നിര്‍മാണക്കമ്ബനി മറുപടി നല്‍കട്ടെയെന്നും കാട്ടി ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ കേസ് നീണ്ടുപോകുകയാണെന്നും, അനുദിനം പാലാരിവട്ടം മേഖലയില്‍ ഗതാഗതക്കുരുക്ക് നീണ്ടുപോകുന്നതിനാല്‍ പെട്ടെന്ന് തീര്‍പ്പ് വേണമെന്നും കാട്ടി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വെന്റിലേറ്റര്‍ സൗകര്യമില്ലെന്നു പറഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു

മലപ്പുറം : വെന്റിലേറ്റര്‍ സൗകര്യമില്ലെന്നു പറഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു. കാടാമ്ബുഴ സ്വദേശിനി പാത്തുമ്മു (78) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 5.30ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തിങ്കളാഴ്ച രാത്രി 11.30ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ […]

Subscribe US Now