പോക്സോ കേസ് പ്രതി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

author

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. അന്വേഷണം പൂത്തിയാകും വരെ സോഷ്യല്‍ മീഡിയയില്‍ കണ്ടുപോകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പോക്സോ കേസിലെ പ്രതി എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് ഷിഫാസിന് (23) ജാമ്യം അനുവദിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ അപൂര്‍വ വിധി. പീഡനത്തിനിടെ പ്രതി പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന പെണ്‍കുട്ടിയുടെ വാദം കണക്കിലെടുത്താണ് ഈ വ്യവസ്ഥ ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയത്.

കേസന്വേഷണം തീരുംവരെ പ്രതി ഫേസ്ബുക്ക്, വാട്ട്സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമുകള്‍ ഉപയോഗിക്കരുത്. കേസില്‍ അന്തിമറിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ വിചാരണ തീരുംവരെ ഈ വ്യവസ്ഥ ബാധകമാണെന്നും വിധിയില്‍ പറയുന്നു. ഇതിനു പുറമേ 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

2018ലായിരുന്നു കേസിനാസ്പദമായ സംഭവം. പിറന്നാള്‍ സമ്മാനം നല്‍കാനെന്ന വ്യാജേന റിസോര്‍ട്ടിലെത്തിച്ചാണ് അന്ന് പതിനാറു വയസുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതി ബലാല്‍സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത്. പണം നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ ചിത്രങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ ആറുതവണ കൂടി പ്രതി പീഡിപ്പിച്ചു. പിന്നീട് ഫേസ്ബുക്കില്‍ വ്യാജഅക്കൗണ്ട് തുടങ്ങിയ ഷിഫാസ് പെണ്‍കുട്ടിയുടെ ചില ചിത്രങ്ങള്‍ പോസ്റ്റുചെയ്തു. ഒരുലക്ഷംരൂപ നല്‍കാതെ ചിത്രങ്ങള്‍ നീക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ഞാറയ്ക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രതിയുടെ പ്രായം, കൊവിഡ് സാഹചര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നല്‍കിയത്.

ബലാല്‍സംഗ കേസുകളില്‍ ജാമ്യത്തിന് ഇത്തരം ഒരു ഉപാധികൂടെ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിലക്ക് തുടരും. ആവശ്യമെങ്കില്‍ പൊലീസിന് വിലക്ക് നീട്ടാന്‍ ആവശ്യപ്പെടാമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിലക്ക് ലംഘിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തി പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാലു ജില്ലകളില്‍ റെഡ് അലേര്‍ട്ട് ; തീരപ്രദേശത്ത് ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതേത്തുടര്‍ന്ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത് ജാഗ്രതാനിര്‍ദ്ദേശം. കിഴക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാകാന്‍ സര്‍ക്കാര്‍ വിവിധ സേനകളോട് നിര്‍ദ്ദേശിച്ചു.

You May Like

Subscribe US Now