ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഇന്ന് പത്ത് മണിക്ക്

author

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ ലഖ്‌നോയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, കല്യാണ്‍ സിങ്, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്ബത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, സതീഷ് ചന്ദ്ര സാഗര്‍, ബാല്‍താക്കറെ, അശോക് സിംഘല്‍, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ തുടങ്ങി 48 പേര്‍ പ്രതികളായ കേസിലാണ് വിധി പുറപ്പെടുവിക്കുന്നത്. രാവിലെ പത്ത് മണിക്കാണ് വിധി വായിച്ചുതുടങ്ങുക.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതി വിചാരണ പൂര്‍ത്തിയാക്കി ഈമാസം 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

എല്ലാ പ്രതികളോടും കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ സിബിഐ ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര പ്രതികള്‍ വിധി കേള്‍ക്കാന്‍ എത്തുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. 48 പ്രതികളില്‍ 16 പേര്‍ മരിച്ചു. കല്യാണ്‍ സിങ്, ഉമാഭാരതി തുടങ്ങിയവര്‍ കൊവിഡ് ചികില്‍സയിലാണ്. ശിവസേന നേതാവ് സതീഷ് പ്രധാനും ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ഗോപാല്‍ ദാസും എത്താന്‍ ഇടയില്ലെന്ന് റിപോര്‍ട്ടുണ്ട്. ജീവിച്ചിരിക്കുന്ന 32ല്‍ 26 പേര്‍ എത്തിയേക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

വിധി പറയുന്നതിനു മുന്നോടിയായി ലഖ്‌നോ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. സിബിഐ അഭിഭാഷകനും പ്രതിഭാഗം അഭിഭാഷകനും പ്രതികള്‍ക്കും കോടതി ജീവനക്കാര്‍ക്കും മാത്രമേ കോടതിയില്‍ പ്രവേശിക്കാനാവൂ. കോടതിയുടെ ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് ഗെയിറ്റില്‍ ബാരിക്കേഡ് വച്ച്‌ പ്രവേശനം തടഞ്ഞിട്ടുണ്ട്.

വിധി പറയാന്‍ ആഗസ്ത് 31 വരെയാണ് സുപ്രിംകോടതി നേരത്തെ വിചാരണക്കോടതിക്ക് ആദ്യം സമയം നല്‍കിയിരുന്നത്. എന്നാല്‍, സ്‌പെഷ്യല്‍ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് കൂടുതല്‍ സമയം അനുവദിച്ചുനല്‍കണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടുകയും വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരുമാസത്തെ സമയം അനുവദിക്കുകയുമായിരുന്നു.

ഗൂഢാലോചനക്കേസും ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച്‌ വിചാരണ നടത്തണമെന്ന് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നേരത്തെ ഇത് രണ്ടായാണ് വിചാരണ നടത്തിയിരുന്നത്. ഒന്ന് കര്‍സേവകര്‍ക്കെതിരേയും മറ്റൊന്ന് പ്രമുഖ നേതാക്കള്‍ക്കെതിരേയും. കര്‍സേവകര്‍ക്കെതിരേ ലഖ്‌നോവിലും നേകാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലുമാണ് നടന്നിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. കേസില്‍ ആദ്യം രണ്ട് എഫ്‌ഐആറുകളാണ് സമര്‍പ്പിച്ചത്. പിന്നീട് 45 എഫ്‌ഐആറുകള്‍കൂടി സമര്‍പ്പിച്ചു. 1992 ഡിസംബര്‍ 16ന് ബാബരി മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിച്ചു. കേസ് കേള്‍ക്കുന്നതിനായി 1993 ജൂലൈ 8ന് റായ്ബറേലിയില്‍ പ്രത്യേക സിബിഐ കോടതി സ്ഥാപിച്ചു. 1993 ഒക്ടോബറിലാണ് ഉന്നത ബിജെപി നേതാക്കള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുക്കുന്നത്. 2005 ജൂലൈ 28ന് 57 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി കുറ്റപത്രം തയ്യാറാക്കി. കേസ് സുപ്രിംകോടതി 2017 മെയ് 30ന് ലഖ്‌നോ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി സംഘര്‍ഷമുണ്ടാക്കി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് പ്രതികള്‍ക്കെതിരേയുള്ള പ്രധാന കുറ്റം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ലോക്ക്ഡൗണിന് ശേഷമുള്ള കരാറുകളില്‍ ചില താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകാത്തതിനാലാണ് നിര്‍മാതാക്കളുടെ നടപടി. നേരത്തെയും ഇതേ വിഷയത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്നോട്ടു വന്നിരുന്നു. ലൈഫ് മിഷനില്‍ കമ്മീഷന്‍ നല്‍കി, അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ സി.ബി.ഐ കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ മേഖല പ്രതിസന്ധി നേരിട്ടതോടെയാണ് താരങ്ങള്‍ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്ത് […]

You May Like

Subscribe US Now