ശിവശങ്കര്‍ തൊട്ടതെല്ലാം ഇ.ഡി. അന്വേഷിക്കും , കെ ഫോണ്‍, ഡൗണ്‍ടൗണ്‍, ഇ-മൊബിലിറ്റി, സ്‌മാര്‍ട്ട്‌ സിറ്റി

author

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൈയെടുത്ത വന്‍ പദ്ധതികളെക്കുറിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം. കെ ഫോണ്‍, ഡൗണ്‍ ടൗണ്‍, ഇ- മൊബിലിറ്റി, കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതികളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ്‌ ചീഫ്‌ സെക്രട്ടറിക്കു കത്ത്‌ നല്‍കി. ഈ പദ്ധതികളുടെ മറവില്‍ വന്‍ തുക കമ്മിഷന്‍ ലഭിച്ചെന്നാണു നിഗമനം. അന്വേഷണം മറ്റ്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥരിലേക്കും നീളും.
ശിവശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ നാലു കോടിയോളം രൂപയുടെ കൈക്കൂലി ഇടപാട്‌ സ്‌ഥിരീകരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ സര്‍ക്കാരിന്റെ കൂടുതല്‍ പദ്ധതികളെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌. ധാരണാപത്രം, പങ്കാളികള്‍, ഭൂമി ഏറ്റെടുത്തതിന്റെ വിവരങ്ങള്‍, വില തുടങ്ങിയ വിവരങ്ങളാണ്‌ ചീഫ്‌ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടത്‌. ശിവശങ്കറുമായി ബന്ധപ്പെട്ട ചിലര്‍ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളുടെ മറവില്‍ ഭീമമായ റിയല്‍ എസ്‌റ്റേറ്റ്‌ കച്ചവടം നടത്തിയതായാണ്‌ ഇ.ഡിക്കു ലഭിച്ച വിവരം. ഐടി പാര്‍ക്കുകള്‍ക്കായി ഏറ്റെടുത്ത ഭൂമി റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയയ്‌ക്കു പങ്കിട്ടെന്നാണ്‌ ആരോപണം.
ഭൂസ്വത്ത്‌, ബാങ്ക്‌ നിക്ഷേപങ്ങള്‍, ലോക്കറുകള്‍ തുടങ്ങി ശിവശങ്കറിന്റെ സ്വത്തുക്കള്‍ സംബന്ധിച്ചു വിപുലമായ അന്വേഷണം നടക്കുന്നുണ്ട്‌. കമ്മിഷനായി ലഭിച്ചെന്നു കരുതുന്ന പണം ഒഴുകിയ വഴികളാണു തെരയുന്നത്‌.

ഡൗണ്‍ ടൗണ്‍ പദ്ധതി

2012-ല്‍ എമര്‍ജിങ്‌ കേരള നിക്ഷേപക സംഗമത്തിലാണ്‌ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്‌ വികസനത്തിന്റെ ഭാഗമായി ഡൗണ്‍ ടൗണ്‍ പദ്ധതി അവതരിപ്പിച്ചത്‌. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന 13,000 കോടി രൂപയുടെ പദ്ധതിയാണു ശിവശങ്കര്‍ പൊടിതട്ടിയെടുത്തത്‌. ടെക്‌നോപാര്‍ക്ക്‌ മൂന്നാംഘട്ടത്തിലെ പ്രത്യേക സാമ്ബത്തിക മേഖലയുള്‍പ്പെടെയുള്ള സ്‌ഥലമാണ്‌ ഇതിനായി മാറ്റിവച്ചത്‌.
ഷോപ്പിങ്‌ മാള്‍, 200 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍, 1,500 പേര്‍ക്ക്‌ ഇരിക്കാവുന്ന കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയവ ഇതിന്റെ ഭാഗം. അമേരിക്ക ആസ്‌ഥാനമായ ടോറസ്‌ കമ്ബനിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 9.7 ഏക്കറിലാണു വിനോദമേഖല നിര്‍മിക്കുന്നത്‌. പ്രതീക്ഷിക്കുന്ന ചെലവ്‌ 450 കോടി രൂപ.

ഇ-മൊബിലിറ്റി പദ്ധതി

4500 കോടി രൂപ മുടക്കി 3000 ഇലക്‌ട്രിക്‌ ബസുകള്‍ നിരത്തിലിറക്കാനുള്ള ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറാണ്‌ ലണ്ടന്‍ ആസ്‌ഥാനമായ പ്രൈസ്‌ വാട്ടര്‍ ഹൗസ്‌ കൂപ്പേഴ്‌സിനു (പി.ഡബ്ല്യു.സി) നല്‍കിയത്‌. സെബിയുടെ നിരോധനം നിലനില്‍ക്കുന്ന വിദേശ കമ്ബനിക്കു നല്‍കിയത്‌ ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്ന്‌ ആരോപണമുയര്‍ന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു പി.ഡബ്ല്യു.സിക്കു കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്‌. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യതെ മുഖ്യമന്ത്രി നേരിട്ടാണു മുന്‍കൈയെടുത്തത്‌. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിക്കു പി.ഡബ്ല്യു.സിയുമായി ബന്ധമുണ്ടെന്ന ആരോപണവും വിവാദമായി.

കെ ഫോണ്‍ പദ്ധതി

സംസ്‌ഥാനത്ത്‌ എല്ലാവര്‍ക്കും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി (കേരള ഫൈബര്‍ ഒപ്‌ടിക്‌ നെറ്റ്‌വര്‍ക്ക്‌). സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വീടുകളിലേക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ്‌ കണക്‌ടിവിറ്റി ലക്ഷ്യം. പ്രതീക്ഷിക്കുന്ന ചെലവ്‌ 1,500 കോടി രൂപ. ശിവശങ്കറിന്റെ ശിപാര്‍ശയില്‍ സ്വപ്‌ന സുരേഷിനു ജോലി ലഭിച്ച കെ.എസ്‌.ഐ.ടി.ഐ.എല്ലും പദ്ധതിയില്‍ പങ്കാളി.

കൊച്ചി സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി

സ്‌മാര്‍ട്ട്‌സിറ്റി സംരംഭകരായ ടീകോമിനെ ദുബായ്‌ ഹോള്‍ഡിങ്‌ ഏറ്റെടുത്തപ്പോള്‍ വഴിമുട്ടിയ പദ്ധതി മുന്നോട്ടുനീക്കാന്‍ യു.എ.ഇ. സര്‍ക്കാരുമായി ബന്ധിപ്പിക്കാനുള്ള കണ്ണിയായതും സര്‍ക്കാരിന്റെ മുഖം രക്ഷിച്ചതും സ്വപ്‌ന സുരേഷാണെന്നാണു ശിവശങ്കറിന്റെ മൊഴി.
90,000 പേര്‍ക്കു ജോലിയെന്ന പേരിലാണു നാട്ടുകാരെ ഒഴിപ്പിച്ച്‌ 350 ഏക്കറോളം ഭൂമി കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റിക്കായി ഏറ്റെടുത്തത്‌. വന്‍കിടകമ്ബനികള്‍ എത്തുമെന്നു വാഗ്‌ദാനം നല്‍കിയിരുന്നു. എന്നാല്‍, നാട്ടിലെ ചെറുതും വലുതുമായ സംരംഭകര്‍ക്കായി ഭൂമി മുറിച്ചുനല്‍കി. ഇതില്‍ വന്‍തുക കമ്മീഷന്‍ കൈപ്പറ്റിയെന്നാണ്‌ വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കണമെന്ന സരിതയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി മത്സരിച്ച്‌ ജയിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹര്‍ജി. വയനാട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ചുള്ള സരിതയുടെ ഹര്‍ജി ഹൈക്കോടതി മുമ്ബ് തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് […]

You May Like

Subscribe US Now