റിയാദ്: സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാം.

ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ 2018 മുതല്‍ മത്സരങ്ങള്‍ കാണാന്‍ സ്ത്രീകളുമെത്തും. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ സ്റ്റേഡിയത്തിലാകും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുക. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ടസ്് സിറ്റി, ദമാമ്മിലെ മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ പ്രവേശിപ്പിക്കാനുള്ള പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. സൗദി പ്രൊഫഷണല്‍ ലീഗില്‍ ആറു ടീമുകളുടെ ഹോം ഗ്രൗണ്ടുകളാണ് ഈ സ്റ്റേഡിയങ്ങള്‍. ഫുട്‌ബോള്‍ ഗാലറിയുടെ പതിനഞ്ചു ശതമാനം സ്ഥലം ഫാമിലി സ്റ്റാന്‍ഡ് ആക്കി മാറ്റി സ്ത്രീകള്‍ക്ക് സൗകര്യമുള്ളതാക്കി മാറ്റാനാണ് സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ തീരുമാനം. ഇതുവരെ സൗദിയില്‍ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ച മേഖലയായിരുന്നു. കഴിഞ്ഞ ദേശീയ ദിനത്തിലാണ് ആദ്യമായി സ്ത്രീകളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത്. അന്ന് സൗദി ചരിത്രത്തെ കുറിച്ച് നടന്ന സംഗീത പരിപാടി കാണാനായിരുന്നു സ്ത്രീകള്‍ക്ക് അവസരം നല്‍കിയിരുന്നത്.