ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി പുണ്യനഗരികളായ

മക്കയെയും മദീനയെയും തമ്മില്‍ ബന്ധിപ്പിച്ച് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഈ വര്‍ഷം മുതല്‍ ഓടിത്തുടങ്ങും. ഈ വര്‍ഷം തന്നെ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ഹറമൈന്‍ പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഹഫീസ് ഫിദ പറഞ്ഞു. മക്ക, മദീന നഗരികള്‍ക്കിടയിലെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും അതുവഴി അപകടങ്ങള്‍ തടയാനും അതിലുപരി ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കാനും ഹറമൈന്‍ അതിവേഗ ട്രെയിനുകള്‍ വരുന്നതോടെ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം തുടങ്ങുമെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. അല്‍ ജസീറ അറബി ദിനപത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.