ഇടുക്കി : അനുകൂലസാഹചര്യമുണ്ടായിരുന്നിട്ടും അടിമാലി, മാങ്കുളം, വെള്ളത്തൂവല്‍ പഞ്ചായത്തുകളുടെ വിനോദ സഞ്ചാര സാധ്യതകളെ

വിനോദ സഞ്ചാരവകുപ്പ് പ്രയോജനപ്പെടുത്തുന്നില്ലെന്ന് പരാതി. കടുത്ത വേനല്‍ക്കാലത്ത് പോലും ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങളും മഞ്ഞ് മൂടിയ മലനിരകളും അണക്കെട്ടുകളുമെല്ലാം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്.

മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇടത്താവളങ്ങളാണ് അടിമാലിയും മാങ്കുളവും വട്ടവടയും കാന്തല്ലൂരുമെല്ലാം.രാജാക്കാടും വെള്ളത്തൂവലും കൊന്നത്തടിയുമെല്ലാം വിനോദ സഞ്ചാരത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടുന്നു. അടിമാലി ഗ്രാമപഞ്ചായത്തിലെ ചീയപ്പാറ, വാളറ, കുരങ്ങാട്ടി വെള്ളച്ചാട്ടങ്ങള്‍, മാങ്കുളം ഗ്രാമപഞ്ചായത്തിലെ നക്ഷത്രക്കുത്ത്, കുതിരകുത്തി, പെരുമന്‍കുത്ത്, കോഴിവാലന്‍ വെള്ളച്ചാട്ടങ്ങള്‍, പള്ളിവാസല്‍ മേഖലയിലെ ആറ്റുകാട്, രാജാക്കാട് മേഖലയിലെ ശ്രീനാരായണപുരം, കുത്തുങ്കല്‍ വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി സഞ്ചാരികളുടെ മനം കവരുന്ന നിരവധി വെള്ളച്ചാട്ടങ്ങള്‍ മൂന്നാറിന്റെ സമീപ മേഖലകളില്‍ ഉണ്ട്. ഇവയെല്ലാം കോര്‍ത്തിണക്കി സമഗ്രടൂറിസം പദ്ധതി നടപ്പിലാക്കിയാല്‍ ലഭിക്കുക വലിയവരുമാനമായിരിക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നു.

ആകര്‍ഷണീയങ്ങളായിരുന്നിട്ടും അടിസ്ഥാന സൗകര്യകുറവാണ് പല കേന്ദ്രങ്ങളില്‍ നിന്നും സഞ്ചാരികളെ അകറ്റി നിര്‍ത്തുന്നത്. ഭൂരിഭാഗം കേന്ദ്രങ്ങളും സംബന്ധിച്ച് സഞ്ചാരികള്‍ക്ക് അറിവില്ലാത്തതും ഗതാഗത സൗകര്യമില്ലാത്തതും തിരിച്ചടിയാണ്. തുടരെ തുടരെ മലയോര മേഖലയില്‍ ഉണ്ടാകുന്ന മുങ്ങി മരണങ്ങള്‍ സഞ്ചാരികള്‍ക്ക് ഭീതി നല്‍കുന്നു. മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ മാങ്കുളം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെ യാത്രാക്ലേശത്തിന് പരിഹാരമാകും. വിവിധ പഞ്ചായത്തുകളിലുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഭക്ഷണശാലകളും ശുചിമുറികളും തയ്യാറാക്കുകയും സുരക്ഷ ക്രമീകരണങ്ങള്‍ തീര്‍ക്കുകയും ചെയ്താല്‍ മലയോരമേഖലയുടെ മലനിരകളേയും വെള്ളച്ചാട്ടങ്ങളേയും അണക്കെട്ടുകളേയും കോര്‍ത്തിണക്കി സമഗ്ര ടൂറിസം പദ്ധതി ആവിക്ഷക്കരിക്കാനാകും.