കല്‍പ്പറ്റ: കാലവര്‍ഷമെത്തിയതോടെ വയനാട്ടിലേക്ക് മഴയാസ്വദിക്കാന്‍ സഞ്ചാരികളുടെ പ്രവാഹം. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മഴയാത്രക്കാരും ധാരാളമായി ചുരം കയറി തുടങ്ങി.

Related image

പ്രളയത്തിനുശേഷം മാന്ദ്യത്തിലായ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഈ വര്‍ഷത്തെ മഴ പുത്തനുണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ.

ചുരം മുഴുവന്‍ പൊതിഞ്ഞിരിക്കുകയാണ് മഞ്ഞ്. ഒപ്പം നിര്‍ത്താതെ പെയ്യുന്ന നൂല്‍മഴയുമാണ് സഞ്ചാരപ്രിയരെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്. കാറിലും ബൈക്കിലുമായി മഴയാസ്വദിക്കാന്‍ ദിവസവും ആയിരങ്ങളാണ് ചുരം കയറുന്നത്. പ്രളയവും നിപ്പയുമെല്ലാം നിരാശയിലാഴ്ത്തിയ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതുമഴ പുത്തനുണര്‍വാണ് ഇപ്പോള്‍ നല്‍കുന്നത്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച്‌ പ്രതിദിനം കാല്‍ ലക്ഷത്തോളം സഞ്ചാരികള്‍ വയനാട്ടിലേക്ക് എത്തുന്നുണ്ട്. മഴ ശക്തിപ്രാപിക്കുന്നതോടെ മണ്‍സൂണ്‍ ടൂറിസം ഇഷ്ടപ്പെടുന്ന വിദേശികളടക്കമുള്ളവര്‍ വ്യാപകമായെത്തുമെന്നാണ് പ്രതീക്ഷ.