ന്യൂഡല്‍ഹി: രണ്ടാം മന്ത്രി സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നൃപേന്ദ്ര മിശ്രയെയും അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി

പി കെ മിശ്രയെയും വീണ്ടും നിയമിച്ചു. 2014 മുതല്‍ 2019 വരെയുള്ള കാലത്തും മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും ഇവര്‍ തന്നെയാണ് വഹിച്ചിരുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേതിനു സമാനമായി ഇരുവര്‍ക്കും ക്യാബിനറ്റ് പദവിയും നല്‍കിയിട്ടുണ്ട്. നൃപേന്ദ്ര മിശ്രയുടെയും പി കെ മിശ്രയുടെയും നിയമനം മേയ് 31 മുതല്‍ പ്രാബല്യത്തില്‍ വന്നതായി പേഴ്‌സണല്‍ മന്ത്രാലയം പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി . 1967 യു പി കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് നൃപേന്ദ്ര മിശ്ര. പി കെ മിശ്ര 1972ലെ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനാണ് .മന്ത്രി സഭയില്‍ പ്രധാനമന്ത്രിയുടെ ഭരണകാലാവധി അവസാനിക്കുന്നതിന് ഒപ്പമായിരിക്കും നൃപേന്ദ്ര മിശ്രയുടെയും പി കെ മിശ്രയുടെയും സേവനകാലാവധി അവസാനിക്കുന്നത് .