ബെംഗളൂരു: കര്‍ണാടകത്തില്‍ ഭരണപക്ഷ എം.എല്‍.എ.മാരുടെ രാജിയെത്തുടര്‍ന്നു പ്രതിസന്ധിയിലായ കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) സഖ്യസര്‍ക്കാരിന്റെ ഭാവി ഇന്നറിയാം.

കര്‍ണാടകത്തില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എല്‍ എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്. അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴാനാണു സാധ്യത.

വിമതരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും എന്നാല്‍, വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ.മാരെ നിര്‍ബന്ധിക്കാനാകില്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിധി, ഫലത്തില്‍ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയായി. രാജിവച്ച 12 എംഎല്‍എമാരും നിലവില്‍ മുംബൈയില്‍ തുടരുകയാണ്. സഭയില്‍ എത്തില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകര്‍, ആനന്ദ് സിംഗ്, റോഷന്‍ ബെയ്‌ഗ്‌ എന്നിവരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല. കോണ്‍ഗ്രസില്‍ നിന്നു പതിമൂന്നും ജനതാദള്‍-എസില്‍നിന്നു മൂന്നും എം.എല്‍.എ.മാരാണു രാജിവെച്ചത്. സര്‍ക്കാരിന് വിശ്വാസവോട്ട് നേടണമെങ്കില്‍ ഇവരില്‍ കുറഞ്ഞത് ഏഴുപേരെ തിരിച്ചെത്തിക്കണം. കുറഞ്ഞത് 12 എം എല്‍ എമാര്‍ എങ്കിലും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. സ്പീക്കറും നാമനിര്‍ദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉള്‍പ്പെടെ 103 അംഗങ്ങളാണ്, വിമതര്‍ എത്തിയില്ലെങ്കില്‍, കോണ്‍ഗ്രസ്‌ ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക.