- Super User
- Category: Latest
- Tuesday, 17 September 2019 17:07
ക്വലാലംപുര്‍: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ വിട്ടുതരണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ്.
ഈ മാസം റഷ്യയില്‍ വച്ച് നടന്ന സാമ്ബത്തിക ഫോറത്തില്‍ താന്‍ മോഡിയെ നേരില്‍ കണ്ടിരുന്നു, എന്നാല്‍ അന്നും സാകിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുതരണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടില്ലെന്നും മഹാതിര്‍ മൊഹമ്മദ് പറഞ്ഞു.
'ഒരു രാജ്യത്തിനും അദ്ദേഹത്തെ വേണ്ട. ഞാന്‍ മോഡിയെ കണ്ടിരുന്നു. അദ്ദേഹം എന്നോട് സാകിര്‍ നായിക്കിനെ കുറിച്ച് ചോദിച്ചില്ല'- ബിഎഫ്എം മലേഷ്യ റേഡിയോ സ്റ്റേഷനില്‍ വച്ച് മഹാതിര്‍ പറഞ്ഞു. സാകിര്‍ നായിക്കിനെ അയക്കാനുള്ള സ്ഥലം അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയില്‍ പൊതുപ്രഭാഷണം നടത്താന്‍ സാകിര്‍ നായികിനെ ഇനി അനുവദിക്കില്ലെന്നും മഹാതിര്‍ മൊഹമ്മദ് വ്യക്തമാക്കി. മലേഷ്യയിലുള്ള ചൈനക്കാരെ ചൈനയിലേക്ക് തിരിച്ചയക്കണമെന്ന് സാകിര്‍ നായിക്ക് പ്രസംഗിച്ചത് വിവാദമായിരുന്നു.
'മലേഷ്യന്‍ പൗരനല്ലാത്ത സാകിര്‍ നായിക്കിന് സ്ഥിരതാമസത്തിനുള്ള അവകാശമാണ് കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ചത്. ആ അനുവാദം ഈ രാജ്യത്തെ നിയമത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും പറയാനുള്ള അനുവാദമല്ല. അദ്ദേഹം ആ നിയമം തെറ്റിച്ചു. അദ്ദേഹത്തെ മാറ്റാനുള്ള സ്ഥലം നോക്കുകയാണ് ഞങ്ങള്‍. പക്ഷെ ആര്‍ക്കും അദ്ദേഹത്തിനെ ആവശ്യമില്ല' എന്നും മഹാതിര്‍ മൊഹമ്മദ് പറഞ്ഞു.