തിരുവനന്തപുരം: തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും ഇന്ത്യയില്‍ത്തന്നെ ആദ്യമായി സ്വകാര്യ പൈലറ്റ് ലൈസന്‍സ് ലഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുമായ ആദം ഹാരിക്ക് (20) എയര്‍ലൈന്‍ പൈലറ്റാകാന്‍ കൊമേഴ്‌സ്യല്‍ ലൈസന്‍സ് നേടാന്‍ സാമൂഹികനീതി വകുപ്പിന്റെ സഹായം.

പഠനം പൂര്‍ത്തിയാക്കാനായി 25 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.സാമൂഹികനീതി വകുപ്പിന്റെ പ്ലാന്‍ഫണ്ടില്‍നിന്ന് 23.34 ലക്ഷം രൂപയും മറ്റാവശ്യങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ മിഷന്‍ 'വി കെയര്‍' പദ്ധതിവഴി ബാക്കി തുകയും അനുവദിക്കും. തന്നെ സഹായിച്ച മന്ത്രി കെ.കെ. ശൈലജയെ സന്ദര്‍ശിച്ച്‌ ആദം ഹാരി നന്ദിയറിയിച്ചുജൊഹാനസ് ബര്‍ഗില്‍ പ്രൈവറ്റ് പൈലറ്റ് കോഴ്‌സിനു ചേര്‍ന്നെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി പൈലറ്റ് ആകുന്നെന്ന വിവരം സാമൂഹിക മാധ്യമങ്ങളില്‍ വന്നതോടെ ബന്ധുക്കളും നാട്ടുകാരും ഒറ്റപ്പെടുത്തി. തുടര്‍ന്ന് പഠനം മുടങ്ങി ആദം ഹാരി ഒറ്റപ്പെട്ടു.തുടര്‍ന്ന് പല സ്ഥലങ്ങളില്‍ ജോലിചെയ്തു. കിടക്കാനൊരിടം ഇല്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ തങ്ങി. ഇതറിഞ്ഞ ചില ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളാണ് സാമൂഹികനീതിവകുപ്പ് മന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് വീണ്ടും പഠനം തുടരാന്‍ വഴിയൊരുങ്ങിയത്. ഇന്ത്യയിലെ പല ഏവിയേഷന്‍ അക്കാദമികളെയും സമീപിച്ചെങ്കിലും അവരാരും പ്രവേശനം നല്‍കാന്‍ തയ്യാറായില്ല.അവസാനം രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുടെ ട്രെയിനി പൈലറ്റ് കോഴ്‌സില്‍ ചേരാനുള്ള എല്ലാ സഹായവും വകുപ്പ് നടത്തിക്കൊടുത്തു. മൂന്നുവര്‍ഷത്തെ കോഴ്‌സ് ഫീ, ഹോസ്റ്റല്‍ ഫീ ഉള്‍പ്പെടെ 23,34,000 രൂപയുടെ ഭരണാനുമതിയാണു നല്‍കിയത്. ഇതുകൂടാതെയാണ് മറ്റു ചെലവുകള്‍ക്കായി ബാക്കി തുക 'വി കെയര്‍' പദ്ധതിയിലൂടെ നല്‍കുന്നത്.''ഒരു തൊഴില്‍ അന്വേഷിച്ചാണ് മന്ത്രിയെയും സെക്രട്ടറിയെയും കണ്ടത്. എന്നാല്‍, നമുക്ക് പറക്കണ്ടേ എന്നാണു മന്ത്രി ചോദിച്ചത്. അതാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചത്. അതിനു നന്ദിപറയാനാണു വന്നത്''- ആദം ഹാരി പറഞ്ഞു. പരിശ്രമിച്ചാല്‍ എത്ര ഉയരെ വേണമെങ്കിലും എത്താമെന്നതിന് ഉദാഹരണമാണ് ഹാരിയെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.