തിരുവനന്തപുരം: സത്യപ്രതിജ്ഞാവേദിയില്‍ മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ കാല്‍തൊട്ടുവന്ദിച്ച്‌ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍.

രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നിലാണ് ജസ്റ്റിസ് മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. അതിനു സാക്ഷ്യംവഹിക്കാന്‍ മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന പി. സദാശിവവും ഭാര്യ സരസ്വതി സദാശിവവും എത്തിയിരുന്നു. സദാശിവം മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ മണികുമാര്‍ അവിടെ അഭിഭാഷകനായിരുന്നു. ചീഫ് ജസ്റ്റിസിന്റെ പിതാവ് സ്വാമി ദുരൈയും മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. മകന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് അദ്ദേഹവുമെത്തി.സത്യപ്രതിജ്ഞയ്ക്കുശേഷം മണികുമാറിനെ അഭിനന്ദിക്കാന്‍ പൂച്ചെണ്ടുമായി സദാശിവം വേദിയിലെത്തിയപ്പോഴാണ് മണികുമാര്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചത്. ചിട്ടവട്ടങ്ങള്‍ക്കപ്പുറം വ്യക്തിബന്ധത്തിന്റെ ഊഷ്മളത വെളിവാക്കിയ ദൃശ്യമായിരുന്നു അത്.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിമാരായ എ.കെ. ബാലന്‍, എം.എം. മണി, തോമസ് ഐസക്, കടന്നപ്പള്ളി രാമചന്ദ്രന്‍, ഗവര്‍ണറുടെ ഭാര്യ രേഷ്മ ആരിഫ് ഖാന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയന്‍ എന്നിവരും ചടങ്ങിനെത്തി.ഭാര്യ ബേല രാജകുമാരി, മക്കളായ സത്യദേവ്, സാഹിത്യ എന്നിവരോടൊപ്പമാണ് ജസ്റ്റിസ് മണികുമാര്‍ സത്യപ്രതിജ്ഞയ്ക്കെത്തിയത്.