ദില്ലി: രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധിയില്ലെന്ന് കാണിക്കാന്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു.

എന്നാല്‍ വിവാദം കടുത്തതോടെ പരാമര്‍ശം പിന്‍വലിച്ചിരിക്കുകയാണ് മന്ത്രി. താന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണെന്നും, പക്ഷേ താന്‍ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ നവംബര്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രങ്ങള്‍ 100 കോടിയിലേറെ നേടിയെന്നും, അതുകൊണ്ട് രാജ്യത്ത് സാമ്ബത്തിക മാന്ദ്യമില്ലെന്നുമായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പരാമര്‍ശം.

എന്നോട് ട്രേഡ് അനലിസ്റ്റായ കോമള്‍ നഹട്ട ഒക്ടോബറില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ നന്നായി കളക്‌ട് ചെയ്‌തെന്ന് പറഞ്ഞിരുന്നു. ശക്തമായ ഒരു സാമ്ബത്തിക വ്യവസ്ഥ ഇല്ലെങ്കില്‍ എങ്ങനെയാണ് ഇത്രയും കളക്ഷന്‍ ഒരു സിനിമയ്ക്ക് നേടാനാവുക. അതും ഒരു ദിവസമാണ് മൂന്ന് ചിത്രങ്ങള്‍ 120 കോടി നേടിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണ്. വസ്തുത അതിലുണ്ട്. മുംബൈയില്‍ അതായത് സിനിമാ തലസ്ഥാനത്ത് വെച്ച്‌ പറഞ്ഞത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

സിനിമാ മേഖല നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. നല്ല രീതിയില്‍ നികുതിയും നല്‍കുന്നുണ്ട്. അതുകൊണ്ട് സിനിമാ വ്യവസായത്തെ കുറിച്ച്‌ താന്‍ അഭിമാനിക്കുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം മാധ്യമങ്ങള്‍ താന്‍ പറഞ്ഞതിന്റെ ഒരു വശം മാത്രമെടുത്ത് പ്രചരിപ്പിക്കുകയാണ്. എന്റെ വാക്കുകളെ അവര്‍ വളച്ചൊടിച്ചെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പറഞ്ഞതിന്റെ വീഡിയോ ലഭ്യമാണ്. എന്നാലും എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതിനാല്‍, പ്രസ്താവന പിന്‍വലിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സാമ്ബത്തിക മേഖലയുടെ വളര്‍ച്ച ബോളിവുഡ് കളക്ഷനുമായി ഉപമിച്ച മന്ത്രിയുടേത് പ്രസാദ് സാമ്ബത്തിക സൂചികയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. അതേസമയം ജീവിതം ദുരിതത്തിലാവുമ്ബോള്‍ ജനങ്ങള്‍ സിനിമ കാണാന്‍ പോകുമോ എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെയുടെ വിമര്‍ശനം. ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും, വളര്‍ച്ച പിന്നോട്ട് പോവുകയുമാണെന്നും സുപ്രിയ പറഞ്ഞു.