ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് പിന്നാലെ എഴുത്തുകാരന്‍ കെഎസ് ഭഗവാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍.

നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഹിന്ദു സേന പ്രവര്‍ത്തകന്‍ നവീന്‍ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കെഎസ് ഭഗവാനെ വധിക്കാനുള്ള ചുമതലയും നവിന് തന്നെയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.ഗൗരി ലങ്കേഷിനെ വധിച്ച രീതിയില്‍ മതിപ്പുതോന്നിയ ഹിന്ദുസേന ഇയാള്‍ക്ക് തന്നെ ഭഗവാനെ കൊല്ലാനുളള ചുമതലയും ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കെഎസ് ഭഗവാനെ വധിക്കാന്‍ തോക്കു സംഘടിപ്പിക്കാനുളള ശ്രമത്തിനിടെയാണ് നവീന്‍ കുമാര്‍ പിടിയിലായത്.ഗൗരി ലങ്കേഷിനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതിയെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ് തീരുമാനിച്ചു. മുമ്ബ് നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് സമ്മതമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് മുന്‍പാകെ ഇതിനുളള സമ്മതം പ്രതി വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന തെളിയിക്കാനായാല്‍ കല്‍ബര്‍ഗി, പന്‍സാരെ വധക്കേസുകളും തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.