തിരുവനന്തപുരം: പാര്‍വതിയും ആസിഫ് അലിയും ടോവിനോ തോമസും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉയരെ സിനിമയുടെ വ്യാജ കോപ്പി ഇന്‍റര്‍നെറ്റില്‍.

ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമ ഇന്‍റര്‍നെറ്റില്‍ എത്തിയത്. എഴുനൂറോളം പേര്‍ സിനിമ സ്വന്തം ടൈം ലൈനിലേക്ക് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ഉയരെ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്‍റെ കഥയാണ് പറയുന്നത്. വലിയ പ്രേക്ഷക പ്രീതി ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമ കേരളത്തിലും വിദേശത്തും നിറഞ്ഞ സദസുകളില്‍ സിനിമയുടെ പ്രദര്‍ശനം തുടരുകയുമാണ്. ഇതിനിടെയാണ് ചിത്രം ഇന്‍റര്‍നെറ്റിലെത്തുന്നത്.

ടൊറന്‍റ് സൈറ്റുകളിലൂടെയാണ് മുമ്ബ് പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയിരുന്നതെങ്കില്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തവണ വ്യാജന്‍ എത്തിയത് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളുള്ള പ്രിന്‍റിന്‍റെ പകര്‍പ്പാണ് പുറത്തുവന്നത്. വിദേശത്തെ റിലീസ് കേന്ദ്രങ്ങളില്‍ എവിടെയോ നിന്ന് ക്യാമറ ഉപയോഗിച്ച്‌ സ്ക്രീനില്‍ നിന്ന് പകര്‍ത്തിയതിന് ശേഷമാണ് സിനിമ ഫേസ്ബുക്കില്‍ ഇട്ടതെന്നാണ് കരുതുന്നത്.