മലയാള സിനിമയില്‍ തിളങ്ങി നിന്ന മുന്‍കാല നടിമാരില്‍ ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്ന ഏക നടിയാണ് ഷീല.

1962 ല്‍ സിനിമയിലേക്ക് എത്തിയ ഷീലയെ തേടി 2018 ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം എത്തിയിരിക്കുകയാണ്. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായിട്ടാണ് ഷീലയെ തേടി പുരസ്‌കാരമെത്തുന്നത്.

പ്രശസ്ത സംവിധായകന്‍ കെഎസ് സേതുമാധവന്‍, നടന്‍ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, കമല്‍, റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 2016 ല്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017 ല്‍ ശ്രീകുമാരന്‍ തമ്ബിക്കുമായിരുന്നു ജെസി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു നേരത്തെ സമ്മാന തുകയായി നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡാണ് സമ്മാനിക്കുന്നത്. ജൂലായ് 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ വെച്ച്‌ സമ്മാനിക്കും.

1962 ല്‍ എംജിആര്‍ നായകനായി അഭിനയിച്ച പാശം എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ഷീല അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും അരങ്ങേറ്റം നടത്തി. കേരള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള ആദ്യ പുരസ്‌കാരം സ്വന്തമാക്കിയതും ഷീലയായിരുന്നു. കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലൂടെ 1969 ലായിരുന്നു ഷീല അവാര്‍ഡിന് അര്‍ഹയായത്.

പ്രേം നസീര്‍ , സത്യന്‍, മധു, ജയന്‍, സുകുമാരന്‍, കമലഹാസന്‍ തുടങ്ങി അക്കാലത്തെ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി ഷീല തിളങ്ങി നിന്നിരുന്നു. ഏറ്റവുമധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച താരജോഡി എന്ന റെക്കോര്‍ഡ് ഷീലയും അന്തരിച്ച നടന്‍ പ്രേം നസീറും ചേര്‍ന്ന് സൃഷ്ടിച്ചിരുന്നു, 1980 ല്‍ സിനിമയില്‍ നിന്നും മാറി നിന്ന ഷീല 2003 ല്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കര എന്ന ചിത്രത്തിലൂടെ തിരിച്ച്‌ വരവ് നടത്തി.