സം‌വിധായകന്‍ കമലിന്‍റെ നമ്മള്‍ എന്ന സിനിമയിലൂടെ സിനിമ രംഗത്തേക്ക് ചുവടുവെച്ച നടിയാണ് ഭാവന.

ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളചലച്ചിത്ര രം‌ഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളാണ് ഭാവന. 1986 ജൂണ്‍ 6-ന് തൃശ്ശൂരിലാണ് ജനനം. സഹോദരന്‍ ജയദേവ് കാനഡയില്‍ ജീവിക്കുന്നു.യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്.

പുതുമുഖങ്ങളെ വച്ച്‌ കമല്‍ സം‌വിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന്‍ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്‍റെ തുടക്കം. മികച്ച വിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് നിരവധി അവസങ്ങള്‍ മലയാളത്തില്‍ ലഭിച്ചു. നമ്മളിലെ അഭിനയത്തിന് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.ദൈവനാമത്തില്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന് കേരളസംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മലയാളം , തമിഴ് , കന്നഡ സിനിമയിലെ തിരക്കേറിയ താരമാണ് ഭാവന.കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.