തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിന് അട്ടിമറി ജയം.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് 14,438 വോട്ടിന്‍റെ ഭൂരിപക്ഷം നേടി പ്രശാന്തിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു.വലിയ പ്രതീക്ഷ വച്ചിരുന്ന മണ്ഡലത്തില്‍ യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍ രണ്ടാമത് എത്തിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.2016-ലെ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തു വന്ന മണ്ഡലത്തില്‍ ബിജെപിക്ക് വലിയ വോരോട്ടമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കൂടിയായ എസ്.സുരേഷിന് ഉപതെരഞ്ഞെടുപ്പില്‍ നേടാനായത് 27,425 വോട്ടുകള്‍ മാത്രം. കെ.മുരളീധരനിലൂടെ രണ്ടു തവണ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ച യുഡിഎഫ് കനത്ത തോല്‍വിയുടെ ഞെട്ടലിലാണ്. എന്‍എസ്‌എസിന്‍റെ പരസ്യ പിന്തുണ തിരിച്ചടിയായെന്ന തരത്തിലാണ് സ്ഥാനാര്‍ഥി മോഹന്‍കുമാര്‍ പ്രതികരിച്ചത്. യുഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളായിരുന്ന ന്യൂനപക്ഷ മേഖലയില്‍ നിന്നെല്ലാം എല്‍ഡിഎഫിന് വലിയ തോതില്‍ വോട്ട് വര്‍ധിക്കുകയും ചെയ്തു.