തിരുവനന്തപുരം : കോണ്‍ഗ്രസ് എം.എല്‍.എ. വി.എസ്. ശിവകുമാറിന്റെ പി.എ. വാസുദേവന്‍നായരുടെ മകള്‍ ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം പി.എ.ക്കെതിരെയും  തിരിഞ്ഞതായി  സൂചന.

 

പുതിയതായി തുടങ്ങുവാന്‍ പോകുന്ന ആധാര്‍ സെന്ററുകളില്‍ ജോലി വാഗ്ദാനം ചെയ്ത് അരകോടിയോളം രൂപയാണ് വാസുദേവന്‍ നായരുടെ മകള്‍ ഇന്ദുജ തട്ടിയെടുത്തത്. നിലവില്‍ ആറുപേര്‍ മാത്രമാണ് പരാതിയുമായി എത്തിയിരിക്കുന്നതെങ്കിലും വരും ദിവസങ്ങളില്‍ പരാതികളുടെ എണ്ണം കൂടുമെന്നാണ്  പോലീസ്പറയുന്നത്. പണം തട്ടിപ്പ് നടത്തി ഇന്ദുജ നാട് വിട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. ഇതേസമയം തന്നെ മകളെ കാണാനില്ലെന്ന പരാതിയുമായി വാസുദേവന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. മകളെ ഒളിപ്പിച്ചതിന് ശേഷമുള്ള നാടകമാണ് വാസുദേവന്‍ നടത്തുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ജലവിഭവവകുപ്പ് മുന്‍ ജീവനക്കാരനായ വാസുദേവന്‍ നായര്‍ വി.എസ്. ശിവകുമാറിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനും അടുത്ത ബന്ധുവുമാണ്. ശിവകുമാര്‍ മന്ത്രിയായിരുന്ന വേളയില്‍ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ഇദ്ദേഹമാണ്. എം.എല്‍.എ യുടെ  പി.എ. ആയി ജോലി ചെയ്ത് പെന്‍ഷന്‍ വാങ്ങുന്ന  ഇദ്ദേഹം അഡീഷണല്‍ പി.എ. എന്നപേരില്‍ ശിവകുമാറിനൊപ്പം നടന്ന് ഇപ്പോള്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നുണ്ട്. ഇത് സര്‍ക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന ഇദ്ദേഹത്തിനെതിരെ നിയമനടപടികള്‍ നടക്കുന്നതിനിടെയാണ് മകളുടെ തട്ടിപ്പുകള്‍ കൂടി പുറത്തുവന്നിരിക്കുന്നത്.