ഒരു ചങ്കുറപ്പുള്ള കമ്യൂണിസ്റ്റുകാരന്‍ വിചാരിച്ചാല്‍ ഭരണകൂടത്തെ വിറപ്പിക്കാന്‍ പറ്റുമെന്ന് തെളിയിച്ച് സി.പി.എം നേതാവ് യൂസഫ് തരിഗാമി.

രാജ്യത്തെ ഞെട്ടിച്ച കത്വ മേഖലയിലെ കൊടും ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫക്ക് വേണ്ടി ആദ്യം തെരുവിലിറങ്ങിയത് ഈ സി.പി.ഐ.എം നേതാവാണ്.

ജമ്മു കാശ്മീര്‍ നിയമസഭയിലെ ഒരേയൊരു സിപിഎം എംഎല്‍എയായിരുന്ന തരിഗാമിയുടെ മാസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് അതിക്രൂരമായ ഈ സംഭവം ലോകം അറിയുന്നതും കുറ്റവാളികള്‍ നിയമത്തിന്റെ മുന്നിലെത്തുന്നതും. രാജ്യത്തെ ഒന്നടക്കം പിടിച്ചുലച്ച സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കാന്‍ നിര്‍ണ്ണായക പങ്കാണ് ഇദ്ദേഹം വഹിച്ചത്.

സംഘപരിവാറിന് പങ്കാളിത്തമുള്ള കശ്മീര്‍ ഭരണത്തിന് കീഴിൽ തേഞ്ഞ് മാഞ്ഞു പോകുമായിരുന്ന   കേസ്  തരിഗാമി ഒറ്റയാൾ പോരാട്ടവുമായി  മുന്നോട്ടു വന്നതോടെ രാജ്യം ഏറ്റെടുക്കുകയായിരുന്നു. ഒടുവില്‍ സത്യം പുറത്ത് വന്നപ്പോള്‍, രാജ്യം മുഴുവന്‍ ആസിഫയുടെ നീതിക്കായി തെരുവിലിറങ്ങുമ്പോള്‍ പ്രതികൾ ശിക്ഷിക്കപെടുമ്പോൾ തരിഗാമിയുടെ ശബ്ദം ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്.

8 വയസ്സുകാരിയെ  ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയവരെ പിടികൂടുംവരെ തരിഗാമിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളാണ് കശ്മീരിലെമ്പാടും സംഘടിപ്പിക്കപ്പെട്ടത്. എട്ട് വയസ് മാത്രം പ്രായമുള്ള ബാലികയെ ജനുവരിയില്‍ കാണാതായതിന് പിന്നാലെ റാസന്ന കാടിനുള്ളില്‍ നിന്നും ജനുവരി 17ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത് മുതല്‍ തരിഗാമിയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ക്രൂരമായി ബലാല്‍സംഘം ചെയ്യപ്പെട്ട് മുഖം വികൃതമാക്കപ്പെട്ട കുട്ടിയുടെ കൊലപാതകത്തിന്മേല്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചിരുന്നു. തുടര്‍ന്നായിരുന്നു തരിഗാമിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ അണിനിരന്നതും കേസില്‍ ശരിയായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്  പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതും. 

ജനുവരിയിൽ  നിയമസഭ ചേർന്നപ്പോൾ എംഎല്‍എയായ മുഹമ്മദ് യൂസഫ് തരിഗാമി പ്രതിഷേധവുദമായി എത്തിയതോടെയാണ് സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചതോടെ മറ്റംഗങ്ങളും തരിഗാമിയുടെ പിന്തുണയ്‌ക്കെത്തുകയായിരുന്നു. സഭയ്ക്കകത്തും പുറത്തും പ്രധിഷേധം ശക്തമായതോട് കൂടി മാറ്റ് മാർഗ്ഗമില്ലെന്നു കണ്ട  കശ്മീര്‍ സര്‍ക്കാര്‍ പ്രത്യേക അേന്വഷണ സംഘം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ രീതിയില്‍ അല്ലായെന്നു മനസ്സിലാക്കിയ തരിഗാമി സിപിഎം നേതൃത്വത്തിലുള്ള ഓള്‍ ട്രൈബല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 7 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം സംഘടിപ്പിച്ചു പ്രക്ഷോഭങ്ങള്‍ക്ക് ശക്തമാക്കി.

ഫെബ്രുവരി 9ന് മുഹമ്മദ് യൂസഫ് തരിഗാമി വീണ്ടും വിഷയം നിയമസഭയില്‍ ഉന്നയിച്ച് ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസ് നല്‍കി. സംഭവത്തില്‍ ത്വരിതാന്വേഷണം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതോടെ പ്രതിസന്ധിയിലായ സര്‍ക്കാര്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് ജമ്മു കാശ്മീര്‍ ആഭ്യന്തര മന്ത്രി നല്‍കിയ മറുപടിയിലും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ആസിഫാ ബാനു എന്ന എട്ടുവയസ്സുകാരിയുടെ കൊലപാതകത്തിലെ ദുരൂഹതകൾ പുറത്തുവന്നുതുടങ്ങിയത്.സമൂഹത്തില്‍ ഉന്നത ബന്ധങ്ങളും സ്വാധീനവുമുള്ള പ്രതികളെ സംരക്ഷിക്കാനായി വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്ന കാര്യവും തരിഗാമി നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടി.

മാര്‍ച്ച് മൂന്നിന് സിപിഎം സംസ്ഥാനക്കമ്മിറ്റി വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ക്രൂരമായ കൊലപാതകത്തിന് മത- വര്‍ഗ്ഗീയ നിറം പകരാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെയായിരുന്നു സിപിഎം വാര്‍ത്താ സമ്മേളനം വിളിച്ചത്. അതിനിടെ പ്രതികളെ സംരക്ഷിക്കാനുള്ള രണ്ട് ബിജെപി മന്ത്രിമാരുടെ നീക്കത്തിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. ഹിന്ദു ഏക്താ മഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് തരിഗാമി ഉന്നയിച്ചത്. കത്തുവാ സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പൊലീസിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെയും തരിഗാമിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം വിധി വന്നപ്പോൾ കേസിൽ മൂന്ന‌് പ്രതികൾക്ക‌് ജീവപര്യന്തം. മറ്റ‌് മൂന്ന‌് പ്രതികൾക്ക‌് അഞ്ച‌് വർഷം തടവും പത്താൻകോട്ടിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. സംഭവത്തിന്റെ സൂത്രധാരനും മുൻ റവന്യൂ ഉദ്യോഗസ്ഥനുമായ  സാഞ്‌ജീറാം, സ‌്പെഷ്യൽ പൊലീസ‌് ഉദ്യോഗസ്ഥൻ ദീപക് ഖജൂരിയ, സുഹൃത്ത‌് പർവേഷ‌്കുമാർ ദോഷി (മന്നു) എന്നിവർക്കാണ‌്  ജീവപര്യന്തം. കൊലപാതകത്തിന‌് ജീവപര്യന്തവും കൂട്ടബലാത്സംഗത്തിന‌് 25 വർഷവും മറ്റ‌് വകുപ്പുകളിൽ വ്യത്യസ‌്ത കാലയളവിലുള്ള തടവ‌ും അനുഭവിക്കണം.

പ്രതികളിൽനിന്നും നാലുലക്ഷം രൂപ കോഴ വാങ്ങി തെളിവുകൾ നശിപ്പിച്ച‌് കേസ‌് അട്ടിമറിക്കാൻ ശ്രമിച്ച സബ‌് ഇൻസ‌്പെക്ടർ ആനന്ദ‌് ദത്ത, ഹെഡ‌്കോൺസ‌്റ്റബിൾ തിലക‌്‌രാജ‌്, സ‌്പെഷ്യൽ പൊലീസ‌് ഉദ്യോഗസ്ഥൻ സുരേന്ദർ വർമ എന്നിവരെയാണ‌് അഞ്ച‌് വർഷം തടവിന‌് ശിക്ഷിച്ചത‌്. ആദ്യ മൂന്ന‌് പ്രതികൾക്ക‌് ഒരുലക്ഷം രൂപയും മറ്റ‌് പ്രതികൾക്ക‌് 50,000 രൂപയും വീതം പിഴയും പ്രിൻസിപ്പൽ സെഷൻസ‌് കോടതി ജഡ‌്ജി തേജ‌്‌വിന്ദർസിങ് ചുമത്തി.ഏഴാമത്തെ പ്രതിയും സാഞ്‌ജീറാമിന്റെ മകനുമായ വിശാൽ ജൻഗോത്രയെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. സംഭവം നടന്ന ദിവസങ്ങളിൽ മുസഫർനഗറിലെ കോളേജിൽ പരീക്ഷ എഴുതുകയായിരുന്നുവെന്ന വാദം അംഗീകരിച്ചാണ‌് നടപടി. സാഞ്‌ജീറാമിന്റെ അനന്തിരവൻ കേസിൽ പ്രതിയാണെങ്കിലും പ്രത്യേകകോടതി ഇയാളുടെ പങ്ക‌് പരിഗണിച്ചിരുന്നില്ല. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന‌് അവകാശപ്പെട്ടുള്ള ഇയാളുടെ ഹർജി ജമ്മു കശ‌്മീർ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ‌് കാരണം.

കുറ്റത്തിന്റെ നിഷ‌്ഠൂരസ്വഭാവം കണക്കിലെടുത്ത‌് മുഖ്യപ്രതികൾക്ക‌് വധശിക്ഷ തന്നെ നൽകണമെന്ന‌് പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജെ കെ ചോപ്ര, എസ‌് എസ‌് ബാസ്ര, ഹർമിന്ദർ സിങ് എന്നിവർ വാദിച്ചു. വിധി പഠിച്ച ശേഷം അപ്പീൽ നൽകുന്നത‌് ഉൾപ്പടെ തുടർനടപടികൾ സ്വീകരിക്കുമെന്ന‌് അഭിഭാഷകർ പ്രതികരിച്ചു.പത്താൻകോട്ടിലെ കോടതിയിൽ 2018 ജൂണിൽ തുടങ്ങിയ രഹസ്യവിചാരണ കഴിഞ്ഞ മൂന്നിനാണ‌് അവസാനിച്ചത‌്. 275 ദിവസം നീണ്ട മാരത്തൺ വിചാരണയിൽ 128 സാക്ഷികളെ വിസ‌്തരിച്ചു. ജമ്മുകശ‌്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ‌്ദുള്ള, മെഹ‌്ബൂബമുഫ‌്തി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ‌് കെജ‌്‌രിവാൾ തുടങ്ങിയവർ വിധിയെ സ്വാഗതം ചെയ‌്തു. പ്രതികൾക്ക‌് വധശിക്ഷയാണ‌് പ്രതീക്ഷിച്ചിരുന്നതെന്ന‌് ദേശീയ വനിതാകമീഷൻ ചെയർപേഴ‌്സൺ രേഖാ ശർമ പ്രതികരിച്ചു.

അതെ ഒരു തരിഗാമി മതി, കനലൊരു തരി മതി