മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായി സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യ കിസാന്‍ സഭ നടത്തുന്ന ലോങ് മാര്‍ച്ച്‌ മുംബൈയില്‍ എത്തി.

Image result for aiksനാസിക്കില്‍ നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ചില്‍ അര ലക്ഷത്തിലേറെ കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് കര്‍ഷകര്‍ വളയും. മുംബൈ അതിര്‍ത്തിയില്‍ എത്തിയ റാലി സെന്‍ട്രല്‍ മുംബൈയിലെ കെ.ജെ സോമയ്യ മൈതാനത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്.ഇന്ന് സെക്രട്ടറിയേറ്റ് വളയാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ നഗര സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാപനത്തിന് ഒരു ലക്ഷത്തോളം കര്‍ഷകരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ വെളിപ്പെടുത്തി. നാസിക്കില്‍ നിന്ന് ആരംഭിച്ച കര്‍ഷക റാലി അഞ്ച് ദിവസം കൊണ്ട് 180ഓളം കിലോമീറ്റര്‍ സഞ്ചരിച്ച്‌ കാല്‍നടയായാണ് മുംബൈയില്‍ എത്തിയത്.തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് നിയമസഭാ മന്ദിരത്തിലേക്കുള്ള പ്രതിഷേധ ജാഥ ആരംഭിക്കുന്നത്. ബേആര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് 11 നു സമരം ആരംഭിക്കുന്നതെന്ന് കിസാന്‍സഭ അറിയിച്ചു.വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷന്‍ വര്‍ധിപ്പിക്കുക, പാവപ്പെട്ടവരുടെ റേഷന്‍ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക. വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക. വിളകള്‍ക്ക് താങ്ങുവില അനുവദിക്കുക. എം.എസ് സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക. നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കുക. കാര്‍ഷിക ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്.ഒരുലക്ഷംപേര്‍ അണിനിരക്കുന്ന സമരം സമാധാനപരമായിരിക്കുമെന്ന് അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഡോ. അശോക് ധാവ്ളെ അറിയിച്ചു. തീരുമാനിച്ച പ്രകാരം തിങ്കളാഴ്ച നിയമസഭ വളയുമെന്ന് കിസാന്‍ സഭ നേതാക്കള്‍ പറഞ്ഞു. ലോങ്മാര്‍ച്ചിന് വഴിയിലുടനീളം വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.