ലക്നോ: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ എത്തിയപ്പോഴാണ് ട്രെയിനിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേര്‍ ട്രെയിനുള്ളിലും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരെല്ലാം തമിഴ്നാട് സ്വദേശികളാണ്.

ഉത്തരേന്ത്യയിലെ കനത്ത ചൂടാണ് ട്രെയിനിനുള്ളില്‍ നാല് പേര്‍ മരിക്കാനിടയായ സംഭവമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. മൃതദേഹങ്ങള്‍ ഝാന്‍സി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തമിഴ്നാട്ടില്‍ നിന്നും ആഗ്ര, വാരണാസി എന്നിവടങ്ങളിലേക്ക് വിനോദയാത്രയ്ക്കെത്തിയ 68 അംഗ തമിഴ്നാട് സംഘത്തിലെ നാല് പേരാണ് മരിച്ചത്. ഇവര്‍ യാത്ര പൂര്‍ത്തിയാക്കി കോയന്പത്തൂരിലേക്ക് മടങ്ങും വഴിയാണ് ദുരന്തമുണ്ടായത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂടാണ്. തിങ്കളാഴ്ച ഡല്‍ഹിയുടെ ചില പ്രദേശങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.