പി.ടി തോമസിനെ കുടുക്കിയത് കോണ്‍ഗ്രസ്സുകാര്‍ തന്നെ : ഇന്‍കംടാക്‌സില്‍ വിവരം അറിയിച്ചത് കോണ്‍ഗ്രസ്സ് ഉന്നതന്റെ സന്തത സഹചാരി : എറണാകുളത്ത് ഗ്രൂപ്പ് രാഷ്ട്രീയം കൈവിട്ട അവസ്ഥയില്‍

author

കൊച്ചി : വസ്തു ഇടപാട് സ്ഥലത്തുനിന്ന് ഇന്‍കംടാക്‌സ് 80 ലക്ഷം പിടിച്ച കേസില്‍ ആരോപണ വിധേയനായ പി.ടി. തോമസ് എം.എല്‍.എ യെ കുടുക്കിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയെന്ന വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ്സിലെ പാര്‍ലമെന്ററി പദവിയില്‍ ഇരിക്കുന്ന പ്രമുഖ നേതാവിനെ സന്തതസഹചാരിയുടെ ഫോണില്‍ നിന്നാണ് ഇടപ്പള്ളിയില്‍ കള്ളപ്പണമിടപാട് നടക്കുന്ന വിവരം ഇന്‍കംടാക്‌സിന് കിട്ടിയതെന്ന സുപ്രധാന വിവരമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നതെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പേ പി.ടി.യെ കുടുക്കാന്‍ ഉള്ള നീക്കങ്ങള്‍ നടന്നതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇടപ്പള്ളിയില്‍ ഉള്ള രാജീവ് എന്ന വ്യക്തിയുടെ നാല് സെന്റ് സ്ഥലവും വീടും രാധാകൃഷ്ണന്‍ എന്നയാള്‍ വാങ്ങിയ സംഭവമാണ് വിവാദത്തിന് കാരണമായത്. ഇരുകക്ഷികളുടെയും പൊതു മദ്ധ്യസ്ഥനായി സ്ഥലം എം.എല്‍.എ.എന്ന രീതിയില്‍ പി.ടി. തോമസ് ഇടപെടുകയായിരുന്നു. ഒരു മാസത്തിലധികമായി തുടരുന്ന ചര്‍ച്ചകള്‍ക്ക് അവസാനമാണ് 80 ലക്ഷം രൂപക്ക് വസ്തു വില്പന നടത്തുവാന്‍ രാജീവ് തീരുമാനിച്ചത്. പി.ടി.തോമസ് എം.എല്‍.എ യുടെ മുന്‍ ഡ്രൈവറുടെ ബന്ധുകൂടിയാണ് രാജീവ്. സ്ഥലം വാങ്ങുന്നവരും വില്ക്കുന്നവരും തമ്മില്‍ ഇടക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് പി.ടി. തോമസും സിപിഐ(എം) ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായ ഗിരിജനും മദ്ധ്യസ്ഥതക്ക് എത്തുന്നത്. ഈ വിഷയത്തില്‍ ഇടപെടുന്ന വിവരം പി.ടി. തോമസ് ഡി.സിസി. പ്രസിഡന്റ് വിനോദിനെ അറിയിച്ചിരുന്നു. ഒരു മാസത്തില്‍ അധികമായി നടക്കുന്ന ഈ സ്ഥല കച്ചവടത്തെ സംബന്ധിച്ച വിവരങ്ങള്‍ സ്ഥലത്തെ പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് എല്ലാം അറിവുണ്ടായിരുന്നു. 8-ാം തീയതി പണം കൈമാറ്റം നടക്കുമെന്ന് ഉറപ്പാക്കിയാണ് ഇന്‍കാംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിവരം കൈമാറിയിരിക്കുന്നത്. കൊച്ചിയില്‍ മാധ്യമമേഖലയില്‍ അടക്കം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സ് നേതാവിന്റെ സഹായി തന്റെ ചില ബി.ജെ.പി ബന്ധങ്ങള്‍ കൂടി ഉപയോഗിച്ച് ആണ് ആദായ നികുതി വകുപ്പിനെ വിവരം അറിയിച്ചത്. കള്ളപ്പണം പിടിച്ചെടുത്ത രാത്രി മുതല്‍ തന്നെ പി.ടി.തോമസിന്റെ പേര് ചേര്‍ത്ത്് ആദ്യം വിവരം വന്നു തുടങ്ങിയത് ഒറ്റുകാരനായി മാറിയ കോണ്‍ഗ്രസ്സ് നേതാവിന്റെ സഹായിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ്. അവസാന നിമിഷം വന്ന ഒരു ഫോണ്‍ കോളില്‍ ഒറ്റിന്റെ വിവരം അറിഞ്ഞ പി.ടി. തോമസ് പെട്ടെന്നുതന്നെ വീടിന്റെ പുറത്ത് എത്തിയതിനാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാന്‍ ആദായ നികുതി വകുപ്പിന് കഴിഞ്ഞില്ല. അടുത്ത തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നാല്‍ മന്ത്രിയാകുമെന്ന് കരുതുന്ന പി.ടി തോമസിന്റെ സാധ്യതകള്‍ അട്ടിമറിക്കാനായി നടത്തിയ നീക്കമായാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഇതിനെ കാണുന്നത്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വരെ ആരോപണം ഉന്നയിച്ച് സിപിഎം ന്റെ കണ്ണിലെ കരടായി മാറിയ പി.ടി. തോമസിനെതിരെ ആരോപണം ഉയര്‍ന്നാല്‍ ഇടതുപക്ഷം അതിശക്തമായി ഈ വിഷയം ഉന്നയിക്കുമെന്നും അടുത്ത തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സീറ്റ് തെറിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പി.ടി. തോമസ് മാധ്യമങ്ങളില്‍ അടക്കം തന്റെ നിരപരാധിത്വം വിളിച്ചുപറഞ്ഞിട്ടും ഒരു കോണ്‍ഗ്രസ്സ് നേതാവ് പോലും അദ്ദേഹത്തിന് പിന്തുണയുമായി എത്താത്തതും ശ്രദ്ധേയമാണ് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന സൂചന ലഭിച്ചതോടെ പതിനെട്ടടവും പയറ്റുന്ന കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് രാഷ്ട്രീയം എറണാകുളത്ത് കൈവിട്ട അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഹൈബി ഈഡന്‍ രാജിവെച്ച സീറ്റില്‍ മത്സരിച്ച ഡിസിസി പ്രസിഡന്റ് വിനോദ് കുത്തക മണ്ഡലത്തില്‍ നിസ്സാര വോട്ടുകള്‍ക്ക് മാത്രം ജയിച്ചത് ഒരു സൂചന മാത്രം ആയിരുന്നുവെങ്കില്‍ പി.ടി. തോമസ് സംഭവത്തോടെ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ കാര്‍ തടഞ്ഞ് വെട്ടിക്കൊന്നു : കൊലയ്ക്ക് കാരണം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് സൂചന

തൃശ്ശൂര്‍ : തൃശ്ശൂരില്‍ പട്ടാപ്പകല്‍ കൊലപാതക കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ്കൊലക്കേസിലെ പ്രതിയായ തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധിലാണ് കൊല്ലപ്പെട്ടത്. ആദര്‍ശ് കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സംഭവം. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. താന്ന്യത്ത് കുറ്റിച്ചല്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കഴിഞ്ഞ ജൂലൈയിലാണ്‌ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയായ നിധിലിനെ ഇന്ന് നാലംഗസംഘം കൊലപ്പെടുത്തുകയായിരുന്നു. നിധില്‍ യാത്ര ചെയ്യുകയായിരുന്ന കാറില്‍ മറ്റൊരു കാറിലെത്തിയ […]

You May Like

Subscribe US Now