രാജ്യസഭ കപ്പെല്ലാം ഘടകകക്ഷിക്കു കൊടുത്തു കോണ്‍ഗ്രസ് : കിട്ടിയ കപ്പെല്ലാം എല്‍.ഡി.എഫ് ഷോക്കേഴ്‌സില്‍ സൂക്ഷിച്ച് ഘടകകക്ഷികള്‍ : ~ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് നഷ്ടമായത് രണ്ട് സീറ്റുകള്‍

author

തിരുവനന്തപുരം : ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി രാജ്യസഭ സീറ്റുകള്‍ ഘടകകക്ഷികള്‍ വിതരണം ചെയ്തപ്പോള്‍ ഇങ്ങനെ ഒരു ചതി കോണ്‍ഗ്രസ് സ്വപ്നത്തില്‍ പോലും ഓര്‍ത്തുകാണില്ല. യു.ഡി.എഫ്‌ന്റെ കൈവശം ഇരുന്ന രണ്ട് രാജ്യസഭ സീറ്റുകളാണ് ഈ നിയമസഭയുടെ കാലത്ത് കൂറുമാറ്റത്തിലൂടെ കോണ്‍ഗ്രസ്സിന് നഷ്ടമായത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോണ്‍ഗ്രസ്സിന് ജയിക്കാവുന്ന രണ്ട് സീറ്റുകളില്‍ ഒന്നാണ് വീരേന്ദ്രകുമാറിന് നല്‍കിയത്. ദേശീയ തലത്തില്‍ ജനതാദള്‍(യു) ബി.ജെപി മുന്നണിയുടെ ഭാഗം ആയപ്പോള്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹം എം.പി. സ്ഥാനം രാജിവച്ചു. എന്നാല്‍ പോയ എം.പി. സ്ഥാനം തിരിച്ചുകിട്ടാന്‍ അദ്ദേഹം വലിയ ആദര്‍ശത്തിനൊന്നും പോയില്ല. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ വീരനും കൂട്ടരും എല്‍.ഡി.എഫ് ല്‍ അഭയം തേടി. കുറച്ചുദിവസം മുന്‍പ് രാജിവച്ച രാജ്യസഭാ സീറ്റ് അദ്ദേഹത്തിന്റെതന്നെ കൈയ്യില്‍ സുരക്ഷിതമായി. വീരേന്ദ്രകുമാറിന്റെ മരണശേഷം പാരമ്പര്യ സ്വത്ത് പോലെ മകന്‍ ശ്രേയാംസ്‌കുമാര്‍ എം.പിയായി. കഴിഞ്ഞ നിയമസഭാ പരാജയത്തിന് ശേഷം കെ. എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് മുന്നണിക്ക് പുറത്ത് കുറച്ചുനാള്‍ വിശ്രമത്തിനുപോയി. എല്‍.ഡി.എഫ്പ്രവേശനം ആയിരുന്നു ലക്ഷ്യം. എങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശക്തമായ നിലപാട് മൂലം മുന്നണി പ്രവേശനം നടന്നില്ല. കെ.എം. മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ നിയമസഭ തകര്‍ത്ത കേസും, കോഴ കൊള്ളാ, കെ.എം. മാണി എന്നുവിളിച്ച് ഡിവൈഎഫ്‌ഐ ക്കാര്‍ മന്ത്രിയായ മാണിയെ പലതവണ റോഡില്‍ തടഞ്ഞ കേസും വിവിധ കോടതികളില്‍ നടക്കുന്നതിനിടയില്‍ തന്നെയാണ് കെ.എം. മാണിക്ക് എല്‍.ഡി.എഫ് ലേക്ക് സിപിഐ(എം) സ്വാഗതം ഓതിയത്. സിപിഐ(എം) ല്‍ നിന്നുതന്നെ മാണിയെ സ്വീകരിക്കുന്നതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പിണറായി വിജയനോടും, കോടിയേരി ബാലകൃഷ്ണനോടും യാത്ര പറഞ്ഞ് മാണി യു.ഡിഎഫ് ലേക്ക് തന്നെ മടങ്ങി. മുടിയനായ പുത്രന്‍ തിരികെ വരുമ്പോള്‍ മുന്തിയ ഇനം സ്വീകരണം അവന് നല്‍കണം എന്ന ബൈബിള്‍ വാക്യത്തെ ഓര്‍മ്മിപ്പിക്കുമാറ് മികച്ച സ്വീകരണ പരിപാടിയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കെ.എം. മാണിക്കായി കരുതിവച്ചത്. ഈ സമയത്താണ് രാജ്യസഭാ ഉപാദ്ധ്യക്ഷനായി തിളങ്ങി നില്‍ക്കുന്ന പി.ജെ. കുര്യന്റെ രാജ്യസഭാ സീറ്റ് ഒഴിവു വരുന്നത്. തന്റെ പുത്രന് ഈ സീറ്റ് നല്‍കാമോ എന്ന് വെറുതെ ഒന്നു കെ.എം. മാണി ചോദിച്ചുനോക്കി. തൈക്കാട് ഗസ്റ്റ് ഹൗസിലെ ഈ ചര്‍ച്ചയില്‍ മാണി സാറിന്റെ ഈ ചോദ്യത്തിന് യേസ് എന്ന ഉത്തരമാണ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നല്‍കിയത്. ഇതിനിടയില്‍ പി.ജെ. കുര്യന്‍ വൃദ്ധന്‍ ആയ വിവരവും അദ്ദേഹത്തിന്റെ മുടിയിഴകള്‍ വെളുത്തു തുടങ്ങി എന്ന സത്യവും എ ഗ്രൂപ്പുകാര്‍ തിരിച്ചറിഞ്ഞിരുന്നു. പിന്നെ കോണ്‍ഗ്രസ്സില്‍ യുവ രക്തങ്ങളുടെ ഒരു പോരാട്ടമായിരുന്നു കുര്യനെ വെട്ടാന്‍. എല്ലാവരും കൂടി ഒരുമിച്ച് ശ്രമിച്ചപ്പോള്‍ കുര്യന്‍ വീണു. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ്സിന്റെ യുവരക്തത്തെ പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ഡല്‍ഹിയില്‍ നിന്നാണ് ആ വിവരം കിട്ടിത്. എല്ലാം തികഞ്ഞ ആ ചെറുപ്പക്കാരന്‍ കരോട്ട് വള്ളക്കാലില്‍ കെ.എം. മാണിയുടെ മകന്‍ ‘ജോമോന്‍’ ആണ് ആ മോനെന്ന്. കുറച്ചുദിവസം കോണ്‍ഗ്രസ്സുകാര്‍ പരസ്പരം കലഹിച്ചെങ്കിലും എല്ലാം നമ്മുടെ മാണി സാറിന് വേണ്ടിയല്ലേ എന്ന് ആശ്വസിച്ചു. മാണിസാറിന്റെ കല്ലറയില്‍ ചെന്ന് റ്റാറ്റാ പറഞ്ഞ് ജോസ് കെ. മാണിയും കൂട്ടരും എല്‍.ഡി.എഫ് ലേക്ക് പോകുമ്പോള്‍ 80 വയസ്സ് കഴിഞ്ഞ ചെറുപ്പക്കാരായ എ.കെ. ആന്റണിയും, വയലാര്‍ രവിയുമാണ് രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ളത്. മുസ്ലീം ലീഗിലെ അബ്ദുള്‍ വഹാബും കൂട്ടിനുണ്ട്. അടുത്ത ആറുമാസത്തിനുള്ളില്‍ ഇതില്‍ ഒരു സീറ്റൂകൂടി കോണ്‍ഗ്രസ്സിന് നഷ്ടമാവും. വയലാര്‍ രവിയുടേയും, അബ്ദുള്‍ വഹാബിന്റേയും രാജ്യസഭ സീറ്റിന്റെ കാലാവധി അവസാനിക്കുന്നത് ഈ ഏപ്രിലിലാണ്. നിയമസഭയിലെ അംഗബലം വെച്ച് ഒരു സീറ്റേ യു.ഡി.എഫ് ന് ലഭിക്കൂ. ഇതുവരെയുള്ള കോണ്‍ഗ്രസ്സിന്റെ നിലപാട് നോക്കിയാല്‍ പാണക്കാട് നിന്നുള്ള പാല്‍ പുഞ്ചിരിയില്‍ ആ സീറ്റ് മുസ്ലീം ലീഗ് കൊണ്ടു പോകുവാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ എ.കെ. ആന്റണിയില്‍ അവസാനിക്കും കോണ്‍ഗ്രസ് പ്രാതിനിധ്യം. മുസ്ലീം ലീഗ് കൂടി എല്‍.ഡിഎഫ് ലേക്ക് പോയാല്‍ ആ സീറ്റുകൂടി എല്‍.ഡി.എഫ് ന് ലഭിക്കും. കെ.എം. മാണിയുടെ പാര്‍ട്ടിക്കില്ലാത്ത എന്ത് അയിത്തമാണ് മുസ്ലീം ലീഗിനുള്ളത്? അവര്‍ക്കുവേണ്ടി എല്‍.ഡി.എഫ് വാതിലുകള്‍ തുറന്നിട്ട് കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. 84 വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും കാസര്‍കോഡ് എം.എല്‍.എ. കമറുദ്ദീനെ അറസ്റ്റ് ചെയ്യാത്തതും പാലാരിവട്ടം പാലം പൊളിഞ്ഞു വീണ് ജനം പെരുവഴിയില്‍ നരകിക്കുമ്പോള്‍ ഇതിനുത്തരവാദിയായ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാത്തതും കുഞ്ഞാപ്പയും കൂട്ടരും എല്‍.ഡി.എഫ് ല്‍ എത്തുമെന്ന സ്വപ്നം കണ്ടിട്ട് തന്നെയാണ്. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാര്‍ ആകെ പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് കണ്‍മുന്‍പില്‍ കണ്ട രണ്ട് പ്രതിപക്ഷ എം.എല്‍.എ മാരുടെ അഴിമതികള്‍ കണ്ടില്ലെന്ന് സര്‍ക്കാര്‍ വിചാരിക്കുന്നത്. ജോസ്. കെ. മാണിയും കൂട്ടരും എല്‍.ഡി.എഫ് ല്‍ വരുന്നതില്‍ ഇടത് അണികള്‍ക്ക് ഉള്ളതിനേക്കാള്‍ സന്തോഷം കോട്ടയത്തെ കോണ്‍ഗ്രസ്സുകാര്‍ക്കാണ്. ‘മാന്‍ഡ്രേക്കിന്റെ പ്രതിമ’ കൊണ്ടുപോയി കളഞ്ഞ സന്തോഷത്തിലാണ് അവര്‍. എല്‍.ഡി.എഫ് പ്രവേശനം പ്രഖ്യാപിക്കാന്‍ ജോസ് കെ. മാണി വിളിച്ച പത്ര സമ്മേളനം എല്ലാവരും ഒന്നുകൂടി കാണണം. മനസ്സില്‍ കരച്ചില്‍ അടക്കിപ്പിടിച്ച് രണ്ടുപേര്‍ ആ പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി എം.എല്‍.എ മാരായ ജയരാജും, റോഷി അഗസ്റ്റിനും. നാലരവര്‍ഷം ഒരു മുന്നണിയെ എതിര്‍ത്തതിനുശേഷം അടുത്ത ആറുമാസം കഴിഞ്ഞ് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ആ മുന്നണിക്കൊപ്പം മത്സരത്തെ നേരിടേണ്ടി വരുമെന്ന തിരിച്ചറിവ് ഇരുവരും മനസ്സിലാക്കിക്കഴിഞ്ഞു. രാഷ്ട്രീയം അവസരങ്ങളുടെ കലാരൂപം ആണെങ്കിലും പിതാവിന്റെ മെയ് വഴക്കം ജോസ് കെ. മാണിക്കുണ്ടോ എന്ന പരീക്ഷണം കൂടിയാണ് അടുത്ത നിയമസഭ തെരെഞ്ഞെടുപ്പ്. കെ.എം. മാണിക്ക് മുന്നില്‍ അടക്കപ്പെട്ട എല്‍.ഡി.എഫ് വാതില്‍ തുറന്ന് അകത്ത് കയറുവാനായി എന്ന ആത്മവിശ്വാസമാകും ജോസ് കെ. മാണിയെ ഇനി മുന്നോട്ട് നയിക്കുക.

റിപ്പോര്‍ട്ട് : സുമോദ് കോവിലകം

Leave a Reply

Your email address will not be published. Required fields are marked *

Next Post

സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ തു​ട​രും; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഇ​ന്നും മ​ഴ തു​ട​രും. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​കും മ​ഴ ശ​ക്ത​മാ​കു​ക. തൃ​ശ്ശൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​ഗോ​ട് വ​രെ​യു​ള​ള 7 ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റ് വി​ശാ​നി​ട​യു​ള​ള​തി​നാ​ല്‍ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം. അ​തേ​സ​മ​യം, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. പെ​രി​യാ​റി​ന്‍​റെ […]

You May Like

Subscribe US Now