ലത്തൂര്‍: ഹിന്ദുക്കളുടെ വികാരങ്ങള്‍ വൃണപ്പെടുത്തിയെന്നും ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്ക്കുമിടയില് സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് അമിതാഭ് ബച്ചനെതിരേ പോലിസ് കേസെടുത്തു. ലത്തൂരിലെ ഔസ മണ്ഡലത്തിലെ ബിജെപി എംഎല്‍എ അഭിമന്യു പവാറിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. അമിതാഭ് ഭച്ചനു പുറമേ ബച്ചന് അവതരിപ്പിക്കുന്ന ജനപ്രിയ പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതിയുടെ പ്രമോട്ടര്‍മാര്‍മാരായ സോണി എന്റര്ടെയിന്മെന്റിനെതിരേയും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയിലെ കര്‍മവീര്‍ സ്പെഷ്യല്‍ എപ്പിസോഡില്‍ ബച്ചന് ഹിന്ദുക്കളെ അവഹേളിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
ഹിന്ദുക്കളുടെ വികാരങ്ങളെ മുറിപ്പെടുത്താനും ഹിന്ദുക്കളും ബുദ്ധമതക്കാര്ക്കുമെതിരേ ശത്രുത സൃഷ്ടിക്കാനും ശ്രമം നടന്നു. ഇത് ഇരു സമുദായങ്ങള്‍ക്കിടയിലുള്ള ഐക്യത്തെ തകര്‍ക്കും- പരാതിയില്‍ പറയുന്നു. പരാതിയുടെ കോപ്പി എംഎല്‍എ ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയിലെ ക്രോര്‍പതി എപ്പിസോഡില്‍ ബച്ചനു പുറമെ സാമൂഹികപ്രവര്ത്തകന് ബെസ്വാഡ വില്‍സനും നടന് അനുപ് സോണിയുമാണ് പങ്കെടുത്തത്. 6.40ലക്ഷം സമ്മാനം ലഭിക്കുന്ന ഒരു ചോദ്യം ബച്ചന് ഇരുവര്ക്കുമുന്നില് വച്ചു.
ചോദ്യം ഇതായിരുന്നു:
”1927 ഡിസംബര്‍ 25 ന് ഡോ. അംബേദ്കര്‍ തന്റെ അനുയായികളെയും കൂട്ടി ഒരു ഗ്രന്ഥത്തിന്റെ കോപ്പി കത്തിച്ചുകളഞ്ഞു. ഏതായിരുന്നു അത്.
നാല് ഓപ്ഷനും നല്കി: വൈഷ്ണവ പുരാണം, ഭഗവത് ഗീത, ഋഗ്വേദം, മനുസ്മ്ൃതി.
തുടര്‍ന്ന് ബച്ചന് വിശദീകരിച്ചു. ജാതിവ്യവസ്ഥയെ ആശയപരമായി അംഗീകരിക്കുകയും ജാതിവ്യവസ്ഥയെ തൊട്ടുകൂടായ്മയെയും അനുകൂലിക്കുന്നുവെന്നും ആരോപിച്ച് അംബേദ്ക്കര്‍ 1927 ല്‍ മനുസ്മൃതിയുടെ കോപ്പി കത്തിച്ചു.
എല്ലാ ചോദ്യങ്ങളും ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നും ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും പരസ്പരം തെറ്റിക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്നും പവാര്‍ നല്കിയ പരാതയില്‍ പറയുന്നു.
ഹിന്ദുക്കളുടെ ഗ്രന്ഥങ്ങള്‍ കത്തിക്കാനുള്ളതാണെന്ന സന്ദേശമാണ് ചോദ്യം നല്‍കുന്നതാണെന്നും ആരോപിച്ചു.
കോന്‍ ബനേഗ ക്രോര്‍പതി കമ്മികള്‍ പിടിച്ചച്ചടക്കിയിരിക്കുകയാണെന്ന് വിവേക് അഗ്നിഹോത്രിയും ആരോപിച്ചു. ഒരു ട്വീറ്റും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്
മനുസ്മൃതി കത്തിച്ച് ഏറെ കഴിയും മുമ്ബാണ് അംബേദ്കര്‍ തന്റെ അനുയായികള്‍ക്കൊപ്പം ബുദ്ധമതത്തില്‍ ചേര്‍ന്നത്.