മുക്കം: കാരശ്ശേരി ചുണ്ടത്തുപൊയിലില്‍ കെ.എം.എ.എ സ്റ്റേറ്റിനു സമീപം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപികയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ല ഫോറന്‍സിക് ഓഫിസര്‍ എ. ഇസ്ഹാഖിെന്റ നേതൃത്വത്തിലുള്ള സംഘവും മുക്കം പൊലീസും വെള്ളിയാഴ്ച തെളിവെടുത്തു. വ്യാഴാഴ്ച വീട്ടില്‍നിന്ന് മുക്കം പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. കാറിെന്റ ഉള്‍ഭാഗവും സീറ്റുകളും കത്തിയ ഭാഗങ്ങള്‍ പരിശോധിച്ചു.
സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. അധ്യാപിക കാറില്‍ സഞ്ചരിച്ചതും പെട്രോള്‍ പമ്ബില്‍വെച്ച് പെട്രോള്‍ നിറച്ചതും പ്രദേശത്തെപ്പറ്റിയും വിശദമായി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മാനസികസമ്മര്‍ദത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മരഞ്ചാട്ടി സ്വദേശി ബിജുവിെന്റ ഭാര്യ ദീപ്തിയെ (45) ബധനാഴ്ച വൈകീട്ട് നാലു മണിയോെടയാണ് ചുണ്ടത്തുപൊയിലിലെ വിജനമായ സ്ഥലത്ത് കാറിെന്റ ഡ്രൈവിങ് സീറ്റില്‍ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.
കാറില്‍നിന്ന് മണ്ണെണ്ണക്കുപ്പിയും തീപ്പെട്ടിയും പൊലീസ് കണ്ടെടുത്തിരുന്നു. സംഭവസ്ഥലം അധ്യാപികയുടെ വീടായ മരഞ്ചാട്ടി കൂമ്ബാറയില്നിന്ന് ഏകദേശം നാലു കിലോമീറ്ററോളം ദൂരത്താണ്. വ്യാഴാഴ്ച വിരലടയാള വിദഗ്ധരെത്തി കാറില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു വിവരങ്ങളും പൊലീസ് പരിശോധിച്ചാണ് കേസ് അന്വേഷണം.