അഭയവധക്കേസ്‌: ഫാദര്‍ തോമസ്‌ കോട്ടൂരിനും സിസ്‌റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷ

author

തിരുവനന്തപുരം> സിസ്റ്റര്‍ അഭയവധക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി കെ സനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്.രാവിലെ 11ന് കേസിന്റെ ശിക്ഷാവിധിയില്‍ വാദം കേട്ടു . തുടര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രായവും കാന്‍സര്‍ രോഗവും പരിഗണിച്ച്‌ പരമാവധി ശിക്ഷ കുറച്ചു തരണമെന്ന് തോമസ് കോട്ടൂരും വൃക്ക, പ്രമേഹ രോഗങ്ങള്‍ ഉണ്ടെന്നും നിരപരാധിയാണെന്നും സെഫിയും കോടതിയെ അറിയിച്ചു. ശിക്ഷാവിധി കേള്‍ക്കാന്‍ പ്രതികളെ രാവിലെ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചിരുന്നു.

ഇരുപത്തിയെട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സിസ്റ്റര്‍ അഭയ വധക്കേസില്‍ വിധിവരുന്നത്. മൊഴിമാറ്റിയും തെളിവുനശിപ്പിച്ചും നിയമവ്യവസ്ഥയെ അപഹസിച്ച അഭയ കൊലപാതക കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.

രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കലിനെ കോടതി നേരത്തേ വെറുതെ വിട്ടു. കോവിഡ് പരിശോധനയ്ക്കുശേഷം ഫാദര്‍ തോമസ് കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലും അടച്ചിരുന്നു.

1992 മാര്‍ച്ച്‌ 27നാണ് അഭയയെ ദുരൂഹസാഹചര്യത്തില്‍ പയസ്കോ ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന് റിപ്പോര്‍ട്ട് നല്‍കി. കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് മൂന്നാം തവണയാണ് സിബിഐ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തു. തോമസ് കോട്ടൂരിനും ജോസ് പുതൃക്കലിനും സിസ്റ്റര്‍ സെഫിയുമായുള്ള അവിഹിതബന്ധം അഭയ കണ്ടതാണ് കൊലയ്ക്ക് കാരണമെന്ന് സിബിഐ കണ്ടെത്തി. അഭയയെ കൈക്കോടാലിയുടെ പിടികൊണ്ട് തലയ്ക്കടിച്ച്‌ അബോധാവസ്ഥയിലാക്കി കിണറ്റില്‍ തള്ളിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞു. 2009 ജൂലൈ 17ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി നന്ദകുമാര്‍നായര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2019 ആഗസ്ത് 26ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചു. 133 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 49 പേരെ വിസ്തരിച്ചു. പത്തുപേര്‍ മൊഴി മാറ്റി. സംഭവം നേരില്‍ക്കണ്ട മോഷ്ടാവായിരുന്ന രാജുവിന്റെയും സെഫി കൃത്രിമമായി കന്യകാചര്‍മംവച്ചുപിടിപ്പിച്ചുവെന്ന ഡോക്ടര്‍മാരുടെയും മൊഴികള്‍ നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി സിബിഐ പ്രോസിക്യൂട്ടര്‍ എം നവാസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'സൂഫിയും സുജാതയും' ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് മരിച്ചിട്ടില്ലെന്ന് കുടുംബം

കൊച്ചി : ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ നരണിപ്പുഴ ഷാനവാസ് (37) അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ ബന്ധുക്കള്‍. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ ആണെന്നും തലച്ചോറിന് ആഘാതമുണ്ടെന്നും അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തയാറെടുക്കുകയാണെന്നും കുടുംബം വ്യക്തമാക്കി. ഇക്കാര്യം സ്ഥിരീകരിച്ച്‌ നടനും നിര്‍മാതാവുമായ വിജയ് ബാബുവും രംഗത്തെത്തിയിട്ടുണ്ട്. ഷാനവാസ് വെന്റിലേറ്ററിലാണെന്നും അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയാഘാതത്തെ […]

Subscribe US Now