കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ വിശദീകരണം നല്കാന് കോടതി ദിലീപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിസ്താരത്തിനായി നടനും എം.എല്‍.എയുമായ മുകേഷും കോടതിയില്‍ ഹാജരായി.
പ്രോസിക്യൂഷന് സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു. ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് പള്‍സര്‍ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നാണ് പ്രോസിക്യൂഷന് വാദം. ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സ്റ്റേജ് ഷോ റിഹേഴ്സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിനെ വിസ്തരിച്ചത്. മുകേഷിന്റെ വിസ്താരം ഇന്ന് പൂര്‍ത്തിയായി. ഇനി 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കണ്ടത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 45 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.
85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയായായിരുന്നു ജാമ്യം.