കണ്ണൂര്‍: ആരോപണങ്ങളെ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭവന നിര്‍മ്മാണത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികവുറ്റ പ്രവര്‍ത്തനമാണ് ലൈഫ് പദ്ധതിയെന്നും ഈ നേട്ടങ്ങള്‍ ഇഷ്ടപ്പെടാത്തവരാണ് പദ്ധതിയെ അപഹസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ നാല് ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ഥ കണക്കുകള്‍ മറച്ചുവെച്ചാണ് നുണ പ്രചാരണങ്ങളുമായി ചിലര്‍ രംഗത്തു വരുന്നത്. ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ഒരു വര്‍ഷം കൊണ്ടുതന്നെ ഫ്ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ മണ്ണടിഞ്ഞ അനേകം ഹതഭാഗ്യരുണ്ട് നമ്മുടെ നാട്ടില്‍. വീടില്ലാത്തവരായി ആരും തന്നെ സംസ്ഥാനത്തുണ്ടാവരുത്. ഒരു കെട്ടിടം എന്നതിലുപരി അതിലെ താമസക്കാര്‍ക്ക് പുതുജീവന്‍ തന്നെ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.ലൈഫ് പദ്ധതിയിലൂടെ 2,26,518 കുടുംബങ്ങളാണ് പുതിയ വീടുകളിലേക്ക് ഇതിനകം താമസം മാറ്റിയത്. ഒന്നര ലക്ഷം പേരുടെ വീടു പണി പുരോഗമിക്കുകയാണ്. ലൈഫ് അതിന്റെ ലക്ഷ്യത്തിലേക്കടുക്കുകയാണെന്നും കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലക്ഷ്യമിട്ട എല്ലാ വികസന പദ്ധതികളും തടസ്സമില്ലാതെ നടത്താന്‍ സര്‍ക്കാരിനു കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.