പൂനെ: ദീപാവലിയ്ക്ക് വീട് വൃത്തിയാക്കുന്നതിനിടെ പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ വീട്ടമ്മ അബദ്ധത്തില്‍ കളഞ്ഞത് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍. പൂനെ സ്വദേശിനിയായ രേഖ സുലേഖര് എന്ന വീട്ടമ്മയാണ് കോര്‍പ്പറേഷന്റെ ചവറ് ശേഖരണ വാഹനത്തില്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് കളഞ്ഞത്.
ആവശ്യമില്ലാത്ത സാധനങ്ങളുടെ കൂട്ടത്തില്‍ ഒരു പഴയ ബാഗും ഉള്‍പ്പെട്ടിരുന്നു. ഇതൊക്കെ ചവറ് വണ്ടിയിലിട്ട് കുറച്ച് സമയം കഴിഞ്ഞാണ് തനിക്ക് പറ്റിയ അബദ്ധം വീട്ടമ്മ തിരിച്ചറിഞ്ഞത്. രേഖയും കുടുംബവും ഉടന്‍ തന്നെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടി. തുടര്‍ന്ന് പിമ്ബിരി മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ വിവരം അറിയിച്ചു.
തുടര്‍ന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ചവര്‍ നിക്ഷേപിക്കുന്ന പ്രദേശത്ത് തിരച്ചില്‍ നടത്തി. ഒരുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ചവറ് കൂമ്ബാരത്തില്‍ നിന്നും ബാഗ് കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ അതില്‍ത്തന്നെ ഉണ്ടായിരുന്നു.