തിരുവനന്തപുരം: മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സിനെ ഉപയോഗിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതികാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് എം.എല്‍.എമാരെയാണ് ഇപ്പോള്‍ കേസില്‍ കുടുക്കിയത്. കാസര്‍കോട് ബിസിനസ് പൊളിഞ്ഞതിനാണ് കമറുദ്ദീന് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. പിന്നീട് കെ.എം. ഷാജിക്കെതിരെയായി നീക്കം. ഇതിനെ പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്. ഈ മൂന്ന് നടപടിയും രാഷ്ട്രീയ പ്രേരിതമാണ്.
മുഖ്യമന്ത്രി ഈ കേസുകളില്‍ നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുകയാണ്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം സഹിക്കവയ്യാതെയാണ് ഇന്ന് അറസ്റ്റിനൊരുങ്ങിയത്.
മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തതാണോ ഇബ്രാഹിംകുഞ്ഞ് ചെയ്ത തെറ്റെന്ന് അദ്ദേഹം ചോദിച്ചു. അന്നത്തെ കമ്ബനി ഇപ്പോഴും കേരളത്തില്‍ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തിയില്ല. അഴിമതി നടത്തിയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സര്‍ക്കാര്‍.
ഒാരോ എം.എല്‍.എമാരെയായി അറസ്റ്റ് ചെയ്യാനാണ് നീക്കമെങ്കില്‍ യു.ഡി.എഫ് ശക്തമായി എതിര്‍ക്കും. ഉദ്യോഗസ്ഥര്‍ നാളെ മറുപടി പറയേണ്ടിവരും. ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം.
ഇനിയും കള്ളക്കേസുകള്‍ ഉണ്ടാകുമെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ നല്കുന്ന സൂചന. അത് അനുവദിച്ചുകൊടുക്കില്ല. അറസ്റ്റിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുെമന്നും രമേശ് ചെന്നിത്തല പറഞ്ഞു.