തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വകാര്യ പാസ്പോര്‍ട്ട് ഉപയോഗിച്ച് നടത്തിയത് 14 വിദേശ യാത്രകള്‍. കൂട്ടത്തില്‍ ഔദ്യോഗിക യാത്രകളും ഉള്‍പ്പെടും. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക യാത്രകള്‍ക്ക് ഔദ്യോഗിക പാസ്പോര്‍ട്ടാണ് ഉപയോഗിക്കാറുള്ളത് എന്നിരിക്കെ ശിവശങ്കറിന്റെ ഈ നീക്കം തീര്‍ത്തും സംശയകരമാണ്. ശിവശങ്കറിന്റെ 14 വിദേശ യാത്രകളില്‍ ആറെണ്ണത്തിലും സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്നുവെന്നതും ഏജന്‍സികളുടെ സംശയം വര്‍ധിപ്പിക്കുന്നു. അതേസമയം യാത്രകളേറെയും ദുബായ് കേന്ദ്രീകരിച്ചുള്ളതായിരുന്നു. എവിടെയാണ് പോയതെന്നും, ആരെയൊക്കെ കണ്ടെന്നും ഏജന്‍സികള്‍ ശക്തമായി അന്വേഷിക്കുന്നുണ്ട്.
ലൈഫ് മിഷന് പദ്ധതിയിലെ കമ്മീഷന്, സ്വര്‍ണക്കടത്ത് എന്നിവയിലേക്ക് ലഭിച്ച കമ്മീഷന് ഡോളറായി സ്വപ്ന ദുബായിലേക്ക് കൊണ്ടുപോയെന്ന് ഏജന്‍സികള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഏകദേശം 1.38 കോടി രൂപ ദുബായിലേക്ക് കടത്തിയതായി സ്വപ്ന തന്നെ അന്വേഷണ ഏജന്‍സികള്‍ക്കു മൊഴി നല്‍കിയിരുന്നു. അതേസമയം ശിവശങ്കറിന്റെ സ്വാധീനമുപയോഗിച്ച് ഇതിലും കൂടുതല്‍ പണം കടത്തിയെന്ന നിഗമനത്തിലാണ് ഏജന്‍സികള്‍. ഇതോടെ, ശിവശങ്കറിന്റെ എല്ലാ വിദേശയാത്രകളും വിശദമായി അന്വേഷിക്കാന്‍ കേന്ദ്രഏജന്‍സികള്‍ സംയുക്ത നീക്കം ആരംഭിച്ചിട്ടുണ്ട്.