എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

author

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ എസ്.രാജീവ് മുഖേനയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്.

എന്‍ഫോഴ്സ്മെന്റ് കേസില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജന്‍സികള്‍ പലവട്ടം ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും എന്നാല്‍, എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സ്വപ്ന സുരേഷും കുടുംബവുമായി അടുത്ത സൗഹൃദമായിരുന്നെന്നും എന്നാല്‍ കളളക്കടത്ത് ബന്ധങ്ങളെക്കുറിച്ച്‌ അറിയില്ലായിരുന്നു എന്നുമാണ് ശിവശങ്കറിന്‍റെ വാദം. ലോക്കര്‍ തുറക്കാന്‍ സഹായിച്ചത് സൗഹൃദത്തിന്‍റെ പേരിലാണെന്നും ഹ‍ര്‍ജിയിലുണ്ട്.

വിവിധ ഏജന്‍സികള്‍ ഒന്‍പത് തവണകളിലായി 90 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ല. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ തന്നെ പ്രതിയാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.

കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്ത് ആരംഭിച്ചത് 2019 നവംബറിലാണെന്നും അതിനു മുന്‍പ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള തന്റെ വാട്‌സാപ്പ് മെസേജുകള്‍ തിയതി പോലുമില്ലാതെ പരാമര്‍ശിക്കുന്നത് കുറ്റകൃത്യത്തില്‍ തനിക്ക് പങ്കുണ്ടെന്ന ധാരണ പരത്തി തെറ്റിദ്ധരിപ്പിക്കാനും കേസില്‍ പെടുത്താനുള്ള ശ്രമമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

താന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. ഓരോ തവണ ചോദ്യം ചെയ്തു കഴിയുമ്ബോഴും വളച്ചൊടിച്ച വാര്‍ത്തകളാണ് വരുന്നതെന്നും മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് സ്വപ്‌നയെ പരിചയപ്പെടുത്തിയതില്‍ അസ്വാഭാവികമായി ഒന്നുമില്ല. സ്വപ്‌നയുടെ പണം ഷാര്‍ജ ഭരണാധികാരിയില്‍ നിന്ന് ലഭിച്ച ടിപ്പാണെന്നാണ് തന്റെ അറിവ്. ഇക്കാര്യം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി വാട്‌സാപ്പ് സന്ദേശത്തില്‍ പങ്കുവച്ചിട്ടുണ്ട്. കള്ളക്കടത്ത് നടക്കുന്നതിന് 8-12 മാസങ്ങള്‍ക്ക് മുന്‍പാണിത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഏജസികളെ അറിയിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ ബോധിപ്പിച്ചു.

അതേസമയം, സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച കേസില്‍ പ്രതിയല്ലാതിരുന്നിട്ടും പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഫോഴ്സമെന്റ് ഉന്നയിച്ചത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പ്രതികള്‍ ഉപയോഗപ്പെടുത്തിയോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്സമെന്റിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് ഇന്ന് മുതല്‍ സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും, കേരളത്തില്‍ തുറക്കില്ല

ന്യൂഡല്‍ഹി: ഏഴുമാസം നീണ്ട അടച്ചിടലിനൊടുവില്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. എന്നാല്‍ കേരളത്തില്‍ സിനിമ തിയേറ്റററുകള്‍ ഇപ്പോള്‍ തുറക്കില്ല. ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കര്‍ പറഞ്ഞു. എന്നാല്‍ കോവിഡ് വ്യാപനം ഉണ്ടാകാന്‍ കാരണമാകത്ത […]

You May Like

Subscribe US Now