ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി.കമറുദീന് എം.എല്‍.എ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ച് ഹോസ്ദുര്‍ഗ് കോടതി തിങ്കളാഴ്ചയാണ് കമറുദ്ദീനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നും നാളെയും അന്വേഷണ സംഘം കമറുദ്ദീനെ ചോദ്യം ചെയ്യും. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എം.സി കമറുദീന് എം.എല്‍.എയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
സ്ഥാപനങ്ങളുടെ ആസ്ഥികള്‍ സംബന്ധിച്ചാവും ചോദ്യം ചെയ്യല്‍. ഫാഷന്‍ ഗോള്‍ഡിന്റെ പണം ഉപയോഗിച്ച് ബംഗളൂരുവില്‍ വ്യക്തികളുടെ പേരില്‍ ആസ്തികള്‍ വാങ്ങിയതിനെ കുറിച്ചും വിവരം തേടും. സ്ഥാപനങ്ങളുടെ രേഖകളും, അടച്ചുപൂട്ടുന്ന സമയത്തുണ്ടായിരുന്ന സ്വര്‍ണ്ണവും കണ്ടെത്തുന്നതിനായി കമറുദ്ദീനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്. ബിനാമി ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
അതേസമയം ഒളിവില്‍ പോയ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയത്തങ്ങള്‍, മകന് ഹിഷാം, ബന്ധു സൈനുല്‍ ആബിദീന്‍ എന്നിവരെ അന്വേഷണ സംഘത്തിന് ഇത് വരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി കഴിഞ്ഞ ദിവസം ലൂക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഈ മൂന്ന് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡയറക്ടര്മാരുള്പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. 118 കേസുകളില്‍ 77 എണ്ണമാണ് എസ്.ഐ.ടിക്ക് ഇതുവരെ കൈമാറിയത്. ഇതില്‍ മൂന്ന് കേസിലാണ് അറസ്റ്റ്. രണ്ടു ദിവസത്തിനിടെ മറ്റു ചില കേസുകളില്‍ കുടി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.