കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി ഓഫീസ് പൂട്ടി. അണുനശീകരണം നടത്തുകയും ചെയ്തു. മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി. ഇതോടെ സ്വര്‍ണക്കടത്ത് അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.
സ്വര്‍ണക്കടത്ത് അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനില്‍ പോയി. ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. എന്നുവരെയാണ് ഓഫീസ് പൂട്ടിയിടുകയെന്നും ക്വാറന്റീനെന്നും വ്യക്തമല്ല.
മുഖ്യപ്രതി കെ.ടി. റമീസിനെ ചോദ്യംചെയ്യാന്‍ തയ്യാറെടുക്കവേയാണ് അന്വേഷണം മുടങ്ങിയത്. തെലങ്കാന സ്വദേശിയായ ഉദ്യോഗസ്ഥന് വെള്ളിയാഴ്ച ഓഫീസില്‍നിന്ന് എത്തി രാത്രി ശക്തമായ പനി അനുഭവപ്പെട്ടു. ഞായറാഴ്ച ടെസ്റ്റ് നടത്തി തിങ്കളാഴ്ച പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥന് ഒറ്റയ്ക്കാണ് താമസം. ഭക്ഷണമെല്ലാം പുറമേനിന്നു വരുത്തിയാണ് കഴിക്കുന്നത്.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്തവരും ക്വാറന്റീനില്‍ പോകണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഈ മാസം 9, 10, 11 തീയതികളിലായാണ് ബിനീഷ് കോടിയേരി, മന്ത്രി കെ.ടി. ജലീല്‍ എന്നിവരെ ഇ ഡി ചോദ്യംചെയ്തത്. കേസുമായി ബന്ധപ്പെട്ട മറ്റു ചിലരെക്കൂടി അടുത്ത ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു.