കൊച്ചി: എറണാകുളം ജില്ലയില്‍ ഇനിമുതല്‍ അറുപതുവയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ചികിത്സയും ആവശ്യസാധനകളും വീട്ടുപടിക്കല്‍ എത്തും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ജില്ലാഭരണകൂടം ഇത്തരത്തില്‍ ഒരു സൗകര്യം ഒരുക്കുന്നത്. പ്രായമേറിയവര്ക്കിടയില് കോവിഡ് വ്യാപനം തടയുന്നതിനാണ് പുതിയ ക്രമീകരണം. ഇതിനായി ജില്ലയില്‍ പ്രത്യേക കാള്‍ സെന്റെര് തുറക്കുകയും
ചെയ്തു. വിളിക്കുന്നവര്‍ക്ക് അവശ്യ വസ്തുക്കളും സേവനങ്ങളും വീട്ടു പടിക്കലെത്തും.
രാവിലെ ആറുമണിമുതല്‍ രാത്രി പത്തുമണിവരെ രണ്ടുഷിഫ്റ്റുകളിലായാണ് ഇതിന്റെ പ്രവര്‍ത്തനം. 20 പേരാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സേവകര്‍, കുടംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ചുമതല. 0484 2753800 എന്ന നമ്ബറില്‍ വിളിച്ചാല്‍ സേവനം ലഭിക്കും.
ടെലിമെഡിസിന്‍ സേവനം ജില്ലാ ആരോഗ്യ വിഭാഗമാണ് ഏര്‍പ്പെടുത്തുക. വീടുകളില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സ്ഥിതി വയോ മിത്രം യൂണിറ്റുകള്‍ പരിശോധിക്കും. കുടുംബശ്രീ വഴിയാണ് അവശ്യ സാധനങ്ങള്‍ വീടുകളിലേക്ക് എത്തിക്കുക.