ന്യൂഡല്‍ഹി: ഓണ്‍ലൈനായി സൂക്ഷിക്കാമെന്നത് ഉള്‍പ്പെടെ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലാണ് പ്രധാന മാറ്റം. ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയാണ് ഇന്നു മുതല്‍ മാറുന്നത്.
ഇന്നുമുതല്‍ പ്രാബല്യത്തിലാവുന്ന പ്രധാന മാറ്റങ്ങള്വാഹനരേഖകള് ഓണ്‍ലൈനില്‍- രാജ്യത്തെങ്ങും ഒരേതരം വാഹന റജിസ്ട്രേഷന് കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും. എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസന്‍സും സര്‍ക്കാരിന്റെ ഡിജിലോക്കറിലോ എം-പരിവാഹന്‍ പോര്‍ട്ടലിലോ സംസ്ഥാന വാഹന പോര്‍ട്ടലുകളിലോ ഡിജിറ്റലായി സൂക്ഷിക്കാം. പരിശോധനാ സമയത്ത് ഇവ കാണിച്ചാല്‍ മതി. പിഴ ഓണ്‍ലൈനായി അടയ്ക്കണം. ഇതിന്റെ വിവരങ്ങള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡാറ്റാ ബേസില്‍ 10 വര്‍ഷം സൂക്ഷിക്കും. വാഹന നമ്ബറുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്ബറിലേക്കും വിവരങ്ങള്‍ എത്തും.
–
ക്യു ആര് കോഡ് ഉള്‍പ്പെടുന്ന മൈക്രോ ചിപ്പും നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും പുതിയ ലൈസന്‍സിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവര്‍മാര്‍, അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുള്ളവര്‍ എന്നിവരെ തിരിച്ചറിയാന്‍ ഈ ലൈസന്‍സിലൂടെ കഴിയും.
മൊബൈല്‍ ഉപയോഗം- ഡ്രൈവിങ്ങിനിടെ വഴി അറിയാനുള്ള നാവിഗേഷന്‍ മാത്രമേ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവൂ. വണ്ടി ഓടിക്കുമ്ബോള്‍ ഫോണ്‍ വിളി വേണ്ടെന്ന് ചുരുക്കം.
ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍- ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങളും ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഒരു ഓണ്‍ലൈന്‍ ഇടപാടും നടത്താത്ത കാര്‍ഡ് ഉപയോഗിച്ച് ഇനി ഓണ്‍ലൈന്‍ ഇടപാട് സാധിക്കില്ല. ആവശ്യമുള്ള സേവനങ്ങള്‍ കാര്‍ഡ് ഉടമയ്ക്ക് തിരഞ്ഞെടുക്കാം. എടിഎം സേവനം ആവശ്യമില്ലെങ്കില്‍ അത് ബാങ്കില്‍ അറിയിച്ചാല്‍ മതി. പ്രതിദിന ഇടപാട് പരിധിയും തീരുമാനിക്കാം. രാജ്യത്തെ പെട്രോള്‍ പമ്ബുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകള്‍ക്ക് ഡിസ്കൌണ്ട് ലഭിക്കില്ല. എന്നാല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള ഡിസ്കൌണ്ട് തല്‍ക്കാലത്തേക്ക് തുടരും.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശരാശരി പ്രതിമാസ ബാലന്‍സ് കുറയ്ക്കാനുള്ള തീരുമാനമുണ്ടായിരുന്നു. മെട്രോ, അര്‍ബന്‍ അക്കൗണ്ടുകള്‍ക്കും 3000 രൂപയും ഗ്രാമീണ ശാഖകള്‍ക്കും 1000 രൂപയുമായി നിലനിര്‍ത്തിയിട്ടുണ്ട്.
–
മധുരപലഹാരങ്ങള്‍ക്ക് ഉപയോഗ കാലാവധി- മധുരപലഹാരങ്ങളുടെ ഉപയോഗ കാലാവധി വ്യക്തമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശവും ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരികയാണ്. പായ്ക്കറ്റിലല്ലാതെ വില്‍ക്കുന്ന ജിലേബി, ലഡു തുടങ്ങിയവയ്ക്ക് ഇന്നുമുതല്‍ ഇത് ബാധകം.
ആരോഗ്യ ഇന്‍ഷുറന്‍സ്- 17 രോഗങ്ങള്‍ക്കു കൂടി പരിരക്ഷ ഏര്‍പ്പെടുത്തിയതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. കോവിഡ് 19നെയും ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടിവി വില ഉയരും- ടെലിവിഷന്‍ ഓപ്പണ്‍ സെല്‍ പാനലിനുള്ള 5 ശതമാനം ഇറക്കുമതി തീരുവ ഇളവ് അവസാനിച്ചു. 32 ഇഞ്ച് ടിവിക്ക് 600 രൂപ വരെയും 43 ഇഞ്ചിന് 1200 -1500 രൂപ വരെയും വില ഉയര്‍ന്നേക്കാം.
–
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി- ഏഴു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് 5 ശതമാനം നികുതി ബാങ്കുകള്‍ക്കും മറ്റും ഈടാക്കാം. മക്കളുടെ വിദേശ പഠനത്തിനും വിദേശത്തു ബന്ധുക്കളുടെ ചികിത്സയ്ക്കു പണം അയയ്ക്കുമ്ബോഴും ചെലവേറും. വിദേശ ടൂര്‍ പാക്കേജ് നല്കുന്നവര്, തുകയുടെ 5 ശതമാനം ആദായ നികുതി അടയ്ക്കണം.
ആദായനികുതി റിട്ടേണ്‍ നവംബര്‍ 30 വരെ- 2018- 19 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ വൈകി സമര്‍പ്പിക്കാനും തിരുത്തി സമര്‍പ്പിക്കാനുമുള്ള സമയം നവംബര്‍ 30 വരെ നീട്ടി. 2019-20 ലെ റിട്ടേണ്‍ നല്‍കാനുളള അവസാന തീയതിയും നവംബര്‍ 30 ആണ്.
10 കോടിയിലേറെ വരുമാനമെങ്കില്‍ ടിസിഎസ്- കഴിഞ്ഞ സാമ്ബത്തിക വര്‍ഷം വാര്‍ഷിക വരുമാനം 10 കോടി രൂപയില്‍ കൂടുതലുള്ള വ്യാപാരികള്‍ക്കു മാത്രമാകും ഇന്നു മുതല്‍ സ്രോതസ്സില്‍ ആദായ നികുതി (ടിസിഎസ്) പിരിക്കാനുള്ള ചട്ടം ബാധമാകുക. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നു 0.10 ശതമാനം ടിസിഎസ് ഈടാക്കാനാണ് നിര്‍ദേശം.
സൗജന്യ എല്‍പിജി പദ്ധതി അവസാനിച്ചു- പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി വഴി സൗജന്യ ഗ്യാസ് കണക്ഷന് അപേക്ഷിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് പദ്ധതി സെപ്റ്റംബര്‍ വരെ നീട്ടിയത്.