കോഴിക്കോട്: കൃഷിക്കാരോട് യാതൊരു കരുണയും കാണിക്കാത്ത സര്‍ക്കാരാണു കഴിഞ്ഞ നാലര വര്‍ഷക്കാലമായി കേരളം ഭരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കോഴിക്കോട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരായ ജനവിധിയായിരിക്കും ഇത്തവണത്തേത്. ഇടത് ഭരണത്തില്‍ സമസ്ത മേഖലയിലുമുള്ള ആളുകളും അതീവ നിരാശരും ദു:ഖിതരുമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മത്സ്യത്തൊഴിലാളികളോട് ഇത്രയും കരുണ കാണിക്കാത്തൊരു സര്‍ക്കാര്‍ ഇതിന് മുന്‍പുണ്ടായിട്ടില്ല. ഓഖി ദുരന്തകാലം മുതല്‍ കണ്ടതാണ്. അവഗണിക്കപ്പെട്ട ദുഖിതര്‍, പീഡിതര്‍, നിന്ദിതര്‍ ഇവരോടൊന്നും ഈ ഗവണ്മെന്റ് യാതൊരു കരുണയും കാണിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
മലബാറിന്റെ നട്ടെല്ലായ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നിരാശരാണ്. അവരോട് യാതൊരു നീതിയും ഈ സര്‍ക്കാരിനു കാണിക്കാന്‍ സാധിച്ചിട്ടില്ല. കോവിഡ് മഹാമാരിക്കാലത്ത് ഈ കുടുംബങ്ങളൊക്കെതന്നെ അക്ഷരാര്‍ഥത്തില്‍ പട്ടിണിയിലാണ്. ഇത് നിഷ്ക്രിയ ഭരണകൂടമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് റിക്കാര്‍ഡ് വിജയം നേടുമെന്നും 14 ജില്ലകളിലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.