തിരുവനന്തപുരം: പ്രമുഖ വ്യവസായിയുടെ ഫ്ളാറ്റില്‍ സംസ്ഥാനത്തെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരലില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ പതിവായി തലസ്ഥാനത്തെ ഫ്ലാറ്റില്‍ ഒത്തുകൂടി ഭരണരഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രമുഖ വ്യവസായിയുടെ വഴുതക്കാട്ടെ ഫ്ലാറ്റില്‍ ഐഎഎസുകാര്‍ ഒത്തുചേരുന്നുണ്ടെന്നും ഈ സംഗമത്തിലാണു സര്‍ക്കാര്‍ ഫയലുകളിലെ രഹസ്യങ്ങള്‍ പോലും ചോര്‍ന്നതെന്നും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തിലാണു മുഖ്യമന്ത്രി പ്രതികരിച്ചത്
വഴുതക്കാടുള്ള ഫ്ളാറ്റില്‍ ഐഎഎസ് ഉന്നതരുടെ ഒത്തുചേരലിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉന്നത ഉദ്യോഗസ്ഥനും പങ്കെടുക്കുക പതിവായിരുന്നു. ഇതുവഴിയാണു സംസ്ഥാനത്തെ ലൈഫ് പദ്ധതിയടക്കമുള്ളവരുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ചോര്‍ന്നുകിട്ടിയതെന്നാണു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റു സംസ്ഥാനക്കാരായ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണു സംഗമത്തില്‍ മുന്‍തൂക്കം. ഇത്തരം കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നു കഴിഞ്ഞ ദിവസം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
സംസ്ഥാനത്തെ ഒരു ഉന്നത തസ്തികയില്‍ നിന്ന് അടുത്തിടെ വിരമിച്ച ഒരു ഉന്നതനു വേണ്ടിയാണു വ്യവസായി വഴുതക്കാടുള്ള ഫ്ളാറ്റ് വാടകയ്ക്കെടുത്തു നല്‍കിയത്. രാത്രികാലങ്ങളില്‍ ഉന്നത ഐഎഎസുകാര്‍ ഇവിടെയെത്താറുണ്ട്. ഇതിനൊപ്പമാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി നോക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഇവിടുത്തെ ഭാഗമായത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഭരണതലത്തിലേയും ഉദ്യോഗസ്ഥ തലത്തിലേയും ഉന്നത തല ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സംഗമത്തിലാണു ചോര്‍ന്നതെന്നാണു കരുതുന്നത്. ഇതോടൊപ്പം ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ പ്രതിപക്ഷത്തിനു ചോര്‍ത്തി നല്‍കുന്നതായും യോഗത്തില്‍ മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം പാടില്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി താക്കീതു നല്കി. തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ഡിസംബര്‍ അവസാനം വരെയെങ്കിലും സര്‍ക്കാരിന്റെ വിവരങ്ങള്‍ ചോരുന്നതു തടയണം. സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഒത്തുചേരലില്‍ പങ്കെടുക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥരുടെയും അവര്‍ ബന്ധപ്പെടുന്നവരുടെയും വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്കു ലഭിച്ചിട്ടുണ്ട്. ശിവശങ്കര്‍-സ്വപ്ന പ്രശ്നം മുന്‍കൂട്ടി അറിയിക്കുന്നതില്‍ വീഴ്ച സംഭവിച്ച സംസ്ഥാന ഇന്റലിജന്‍സ് അതു മറയ്ക്കാന്‍ വേണ്ടിക്കൂടിയാകണം ഐഎഎസ് സംഗമത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയതെന്ന് അറിയുന്നു.