ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലുമുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സ്വയം വിമര്‍ശനാത്മകായി ചിന്തിക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ അഭിപ്രായപ്രകടനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഒന്നും ചെയ്യാതെ വെറുതെ ആത്മപരിശോധന നടത്തണമെന്ന് മാത്രം പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്ന് അധിര്‍ രഞ്ജന്‍ ചോദിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചും ആത്മപരിശോധനയുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹത്തിന് വളരെയധികം ആശങ്കയുണ്ടെന്ന് തോന്നുന്നു. കപില്‍ സിബല്‍ ഇതിനെക്കുറിച്ച് മുമ്ബും സംസാരിച്ചിരുന്നു. എന്നാല്‍, ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലെ പ്രചാരണരംഗത്തൊന്നും അദ്ദേഹത്തിന്റെ മുഖം കണ്ടില്ല. കപില്‍ സിബല്‍ ബിഹാറിലേക്കും മധ്യപ്രദേശിലേക്കും പോയിരുന്നുവെങ്കില്‍, താന്‍ പറയുന്നത് ശരിയാണെന്നും കോണ്‍ഗ്രസിന്റെ നിലപാട് ശക്തിപ്പെടുത്തണമെന്നും അദ്ദേഹത്തിന് വാദിക്കാമായിരുന്നു.
സംസാരംകൊണ്ട് ഒന്നും നേടാനാവില്ല. ഒന്നും ചെയ്യാതെ സംസാരിക്കുന്നത് ആത്മപരിശോധനയല്ല അര്‍ഥമാക്കുന്നത്- ചൗധരി കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന്റെയും ഫലങ്ങളുടെ വെളിച്ചത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കപില്‍ സിബല്‍ ചോദ്യങ്ങളുന്നയിച്ചത്. ബിഹാറിലും ഉപതിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലും ബിജെപിക്കെതിരേ ”ഫലപ്രദമായ ബദലായി” കോണ്‍ഗ്രസിനെ കരുതുന്നില്ലെന്നും സിബല്‍ വിമര്‍ശിച്ചിരുന്നു.