ഒരു മാസത്തിന് ശേഷം മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും

author

പത്തനംതിട്ട: വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിക്കാന്‍ തീരുമാനിച്ച്‌ കുടുംബം. ഒരു മാസത്തിലേറെയായി മൃതദേഹവുമായി പ്രിതിഷേധിച്ച ശേഷമാണ് സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം വെള്ളിയാഴ്ച റീപോസ്റ്റ്‍മോര്‍ട്ടം ചെയ്യാന്‍ സിബിഐ തീരുമാനിച്ചതോടെയാണ് ശനിയാഴ്ച സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ കുടുംബം ഒരുങ്ങുന്നത്.

സിബിഐയുടെ നിര്‍ദേശപ്രകാരമാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് റീപോസ്റ്റ‍്‍മോര്‍ട്ടം നടക്കുക. സിബിഐ നിര്‍ദേശിച്ച മൂന്ന് ഫൊറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കും.

ജൂലൈ 28-നാണ് കുടപ്പന പടിഞ്ഞാറെചരുവില്‍ പി പി മത്തായിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മത്തായിയുടേത് മുങ്ങിമരണമാണെന്നാണ് കണ്ടെത്തല്‍. ശരീരത്തില്‍ മര്‍ദ്ദനത്തിന്‍റെ പാടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും ആദ്യപോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും, ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്ന മത്തായി മരിച്ചതെങ്ങനെയെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച്‌ വനംവകുപ്പ് ഉദ്യോ​ഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഭര്‍ത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്തിയത്. സര്‍ക്കാരും അനുകൂല നിലപാടെടുത്തതോടെ പത്തനംതിട്ട ക്രൈംബ്രാഞ്ചില്‍ നിന്ന് അന്വേഷണച്ചുമതല സിബിഐ ഏറ്റെടുക്കുകയായിരുന്നു.മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തില്‍ മത്തായിയുടെ മൃതദേഹം വീണ്ടും ഇന്‍ക്വസ്റ്റ് നടത്തും. എക്സൈസ് വകുപ്പിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടും സിബിഐക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൊറട്ടോറിയത്തിലെ പിഴ പലിശ; ധനമന്ത്രി ഇന്ന് ബാങ്ക് മേധാവികളെ കാണും, സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ തുടരും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്ക് പിഴപ്പലിശ ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ ഇന്നും തുടരും. പിഴ പലിശ നിരക്ക് കുറയ്ക്കുകയോ, പിഴ പലിശ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വാദം കേള്‍ക്കല്‍ ആരംഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ വാദമായിരിക്കും ഇന്ന് നടക്കുക. റിസര്‍വ് ബാങ്ക് ബാങ്കുകളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും, ബാങ്കുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം […]

You May Like

Subscribe US Now