തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മുറുകുമ്ബോള്‍ തെളിയാതെ കിടന്ന പഴയ കേസുകള്‍ക്കും തുമ്ബുണ്ടാകുന്നു. വിഎസ്എസിയില് ജോലി നല്‍കാമെന്നു പറഞ്ഞ പലരില്‍നിന്നായി കോടികള്‍ തട്ടിയതത് ഉള്‍പ്പെടെ ചില കൊലപാതകങ്ങള്‍ക്കും ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവര്‍ക്ക് പങ്കുണ്ടെന്ന സൂചന അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്.
ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരി അനിതയെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം മറ്റുള്ളവരിലേക്ക് പോകാതെ തടയപ്പെട്ടു. അനിത പലദിവസങ്ങളിലും വിഎസ്എസ്സിയുടെ കാറിലാണ് ആശുപത്രിയില്‍ എത്തിയിരുന്നത്. ഇതെക്കുറിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടായില്ല. കൊല്ലം സ്വദേശിയായിരുന്ന അനിത ശ്രീകാര്യം പിടിപി നഗറിലെ ഫ്ളാറ്റിലായിരുന്നു താമസിച്ചത്. ഇതേ ഫ്ളാറ്റിലെ താമസക്കാരായിരുന്ന എല്‍ഐസി ഉദ്യോഗസ്ഥനും ഹിന്ദുസ്ഥാന്‍ ലാറ്റക്സിലെ ജീവനക്കാരനും ദൂരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മരണങ്ങള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിലേക്കും അന്വേഷണം എത്തുമെന്നാണ് സൂചന. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല പാസ്പോര്‍ട്ടിന് ആവശ്യമായ രേഖകള്‍ പോലും നിര്‍മ്മിച്ചു നല്കുന്ന മാഫിയ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തയിടെ കോവിഡ് മൂലം സൗദിയില്‍ മരിച്ച കോട്ടയം സ്വദേശി ഇത്തരത്തില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് തയ്യാറാക്കിയാണ് വിദേശത്തേക്ക് കടന്നത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്്ത് കൊന്ന കേസില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയും കൊല്ലത്തെ വിലാസത്തില്‍ പാസ്പോര്‍ട്ട് എടുക്കുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചപ്പോളാണ് പാസ്പോര്‍ട്ടിലെ വിലാസം വ്യാജ്യമെന്ന് തെളിഞ്ഞത്
വ്യാജ പേരില്‍ തിരുവന്തപുരത്തെ ബാങ്കുകളില്‍ നിരവധി അക്കൗണ്ടുകള്‍ തുടങ്ങിയതിന്റേയും വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്. ചെന്നെയിലെ ഒരു ട്രാവല്‍ ഏജന്‍സിയുടെ പേരില്‍ സെക്രട്ടറിയേറ്റിനു സമീപമുള്ള ബാങ്കില്‍ എടുത്ത് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാടുകളാണ് നടന്നത്. കവടിയാര്‍, വലിയവിള, മരുതംകുഴി എന്നിവിടങ്ങളിലെ ദേശസാത്കൃത ബാങ്കുകളിലും അക്കൗണ്ടും ലോക്കറും വ്യാജപേരുകളില്‍ എടുത്തിട്ടുണ്ട്. ബാങ്ക് മാനേജര്‍മാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സംശയമുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്