തിരുവനന്തപുരം: നായയുടെ കഴുത്തില്‍ കയര്‍ കെട്ടി കാറില്‍ വലിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ മലയാളിയെ ഞെട്ടിച്ചതാണ്. വലിയ പ്രതിഷേധമാണ് ഈ സംഭവത്തില്‍ സോഷ്യല്‍ മീഡിയ അടക്കം ഉയര്‍ത്തിയത്. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ കാറുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവം വലിയ വാര്‍ത്തയായ പശ്ചാത്തലത്തില്‍ സ്വന്തം വളര്‍ത്തു നായ ആയ സ്കൂബിയെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ” വളര്‍ത്തു നായയെ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്ബോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസര്‍ഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോള്‍, ഞങ്ങളുടെ വളര്‍ത്തുനായ സ്കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി.
ഇളയമകന് രമിത്ത് രണ്ടര വര്‍ഷം മുന്‍പാണ് സ്കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകള്‍ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാല്‍ ഓടിയെത്തുന്ന സ്കൂബി ഭാര്യ അനിതയുടെ കാലില്‍ ഇടിച്ചാണ് നില്‍ക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്. കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതല്‍ ഇഷ്ടത്തോടെ ഞങ്ങള്‍ ചേര്‍ത്തുപിടിച്ചു തുടങ്ങി.