തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ താന്‍ അനുകൂലിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നതായി സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. പ്രമേയത്തെ താന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ടെന്ന് രാജഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.തന്റെ നിലപാട് എന്താണെന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തില്‍ ഞാന്‍ ശക്തമായി പറഞ്ഞുവെന്നും കേന്ദ്ര ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍ത്തിട്ടില്ലെന്നും രാജഗോപാലിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രമേയവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിനിടെ സ്പീക്കര്‍ കീഴ്വഴക്കങ്ങള് ലംഘിച്ചെന്നും രാജഗോപാല്‍ പറഞ്ഞു. “വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരേയും പ്രതികൂലിക്കുന്നവരേയും വേര്‍ത്തിരിച്ച് സ്പീക്കര്‍ ചോദിച്ചില്ല. വേര്‍തിരിച്ച് ചോദിക്കാതെ ഒറ്റ ചോദ്യ മാക്കി ചുരുക്കുകയായിരുന്നു. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്,” ഒ രാജഗോപാല്‍ പറഞ്ഞു.
കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രമേയം പാസാക്കുന്നതിനായി സംസ്ഥാന നിയമസഭ സമ്മേളിച്ചുപ്പോള് പ്രമേയത്തിനെതിരെ സംസാരിച്ചത് ബിജെപി അംഗം ഒ.രാജഗോപാല്‍ മാത്രമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാരും മുഖ്യപ്രതിപക്ഷമായ യുഡിഎഫും നടത്തിയ പരാമര്‍ശങ്ങളെ രാജഗോപാല്‍ തള്ളി. എന്ത് പ്രശ്നം വന്നാലും മോദിയെ വിമര്‍ശിക്കണമെന്നാണ് ചിലര്‍ക്കെന്ന് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് പൂര്‍ണമായി സംരക്ഷണം നല്‍കുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍. പ്രധാനമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തിയില്ല എന്നത് വസ്തുതാവിരുദ്ധമാണ്. ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നു. നിയമങ്ങള്‍ പിന്‍വലിച്ചാലേ പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് കര്‍ഷകര്‍ നിലപാട് എടുത്തത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചതിനാലാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടക്കാത്തതെന്നും രാജഗോപാല്‍ പറഞ്ഞു.
എന്നാല്‍, പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍ വോട്ട് ചെയ്തില്ല. പൊതു അഭിപ്രായത്തെ താന്‍ മാനിക്കുകയായിരുന്നു. അതുകൊണ്ടാണ് എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നത്. ബാക്കി എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ പിന്തുണയ്ക്കുകയായിരുന്നു എന്ന് രാജഗോപാല്‍ പറഞ്ഞു. ഡെമോക്രാറ്റിക് സ്പിരിറ്റോടെയാണ് താന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതെന്നാണ് രാജഗോപാല്‍ നല്കിയ വിശദീകരണം.