കേന്ദ്ര ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മറച്ചുവെച്ചു; തദ്ദേശ ഓഡിറ്റിങ് നിര്‍ത്തിയത് ലൈഫ് മിഷന്‍ അഴിമതി മൂടിവയ്ക്കാന്‍

author

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്‍ത്തിവയ്ക്കാനുള്ള സംസ്ഥാന ഓഡിറ്റ് ഡയറക്ടറുടെ ഉത്തരവ് വിവാദത്തില്‍. ഉത്തരവിറക്കിയത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മറച്ചുവച്ച്‌. നടപടി ലൈഫ്മിഷനിലെ അടക്കം അഴിമതി മൂടിവയ്ക്കാന്‍.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാത്തതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2019-20 സാമ്ബത്തിക വര്‍ഷത്തെ ഓഡിറ്റിങ് നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശിക്കുന്നു എന്നാണ് ഓഡിറ്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ധനകാര്യ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചശേഷം മതി അതുവരെ നടന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് എന്ന നിര്‍ദേശവും നല്‍കി. നവംബര്‍ നാലിനാണ് സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ ഉത്തരവ് തദ്ദേശ സ്വയംഭരണ ഓഡിറ്റ് മേധാവികള്‍ക്ക് നല്‍കിയത്.

എന്നാല്‍ ജൂണ്‍ ഒന്നിന് തന്നെ കേന്ദ്രധനകാര്യ മന്ത്രാലയം പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചതാണ്. ഇതനുസരിച്ച്‌ ജൂണ്‍ 30ന് തദ്ദേശ സ്വയംഭരണ വകുപ്പ് ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്‌ ഉത്തരവിറക്കുകയും ചെയ്തു. മാത്രമല്ല 20 ശതമാനം ഓഡിറ്റിങ് കേന്ദ്ര സോഫ്റ്റ്‌വെയര്‍ പ്ലാറ്റ് ഫോമില്‍ നടത്തണമെന്ന മാനദണ്ഡത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുമുണ്ട്. കേരളത്തില്‍ നൂറ് ശതമാനവും ഓഡിറ്റിങ് നടക്കുന്നത് സംസ്ഥാനം വികസിപ്പിച്ച ഓഡിറ്റ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (എഐഎംഎസ്) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയാണ്.

സംസ്ഥാനത്തിന്റെ ഈ പ്രത്യേകത കണക്കിലെടുത്ത് കേന്ദ്ര നിബന്ധനയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഒക്‌ടോബര്‍ ഒന്‍പതിന് കേന്ദ്രപഞ്ചായത്തീരാജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി താരാ ചന്ദ്രര്‍ സംസ്ഥാനത്തെ അറിയിക്കുകയും ചെയ്തു. ഇതെല്ലാം മറച്ചുവച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ കുറ്റം ചാര്‍ത്തി ഓഡിറ്റിങ് നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ് ഇറക്കിയത്. ലൈഫ് മിഷനില്‍ അടക്കം നടന്ന അഴിമതികള്‍ മൂടിവയ്ക്കാനുള്ള ശ്രമമാണെന്ന സംശയം ഉയരാന്‍ കാരണവും ഇതു തന്നെ.

ഓഡിറ്റ് നടത്തിയാല്‍ വടക്കാഞ്ചേരിയിലെ ഫഌറ്റ് നിര്‍മാണത്തിലെ അഴിമതിയുള്‍പ്പെടെ ഇതുവരെ നടന്ന എല്ലാ പദ്ധതികളും ഓഡിറ്റിങ്ങിന്റെ ഭാഗമാകും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നടന്നിട്ടുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെയും ചെലവുകളുടെയും കൃത്യമായ കണക്കുകളാകും പുറത്തുവരിക. ഇതോടെ ലൈഫ് മിഷനില്‍ ഇതുവരെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ഗുണഭോക്താക്കളുടെ എണ്ണവും നല്‍കിയ പണവും സഹിതം പുറത്തുവരും. ഇത് മൂടിവയ്ക്കാനുള്ള ശ്രമമാണ് ഓഡിറ്റ് നിര്‍ത്തലാക്കാനുള്ള നീക്കത്തിന് പിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോഴപ്പണം ഷാജി ആഡംബര വീട് നിര്‍മാണത്തിന് ഉപയോഗിച്ചെന്ന് സൂചന; സാമ്ബത്തിക സ്രോതസ്സ്‌ ദുരൂഹം

കോഴിക്കോട് > പ്ലസ്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് പിന്നാലെ ആഡംബരവീട് നിര്‍മാണത്തിലും കെ എം ഷാജി എംഎല്‍എ കുരുക്കിലേക്ക്. മൂന്നരക്കോടി രൂപയുടെ വീട് നിര്‍മിക്കാനുള്ള സാമ്ബത്തിക സ്രോതസ്സ് എന്തെന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്. ഷാജിയുടെ ഭാര്യ ആശാ ഷാജിക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. കോഴപ്പണം വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇത് ഇഡി വിശദമായി പരിശോധിക്കും.2014ലാണ് അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ […]

You May Like

Subscribe US Now