ജനീവ: കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. കോവിഡ് വന്നാല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന പ്രചരണം തെറ്റാണ്. കോവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ കഴിയില്ല. പരമാവധി ആളുകളിലേക്ക് കോവിഡ് രോഗം ബാധിക്കട്ടെയെന്ന് കരുതരുതെന്നും ഇത് അസാന്മാര്ഗികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്സിനേഷെന്റ സങ്കല്‍പ്പമാണ് ആര്‍ജിത പ്രതിരോധം. വാക്സിനേഷന് ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇവ കൈവരിക്കാന്‍ സാധിക്കൂ. അതായത് 95 ശതമാനം പേരില്‍ വാക്സിന് എത്തിയാല്‍ അഞ്ചുശതമാനം പേരില്‍ രോഗപ്രതിരോധ ശേഷി കൈവരും. പോളിയോ രോഗത്തില്‍ ഈ ഘട്ടം 80 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ജിത പ്രതിരോധം ജനങ്ങളെ രോഗത്തില്‍നിന്ന് മുക്തരാക്കുന്നതിന് മാത്രമാണ്. അല്ലാതെ രോഗികളുടെ എണ്ണം കൂട്ടുന്നതിനല്ല. പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആര്‍ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ല. ഈ തന്ത്രം ശാസ്ത്രീയമായും ധാര്‍മികമായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അദാനോം കൂട്ടിച്ചേര്‍ത്തു.
അപകടകരമായ ഒരു വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാര്‍ഗവുമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന് എതിരായി എങ്ങനെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നത് സംബന്ധിച്ച വിവരങ്ങളുടെ അഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ ശേഷി എത്ര ശക്തമാണെന്നും ആന്റിബോഡി ശരീരത്തില്‍ എത്രനാള്‍ നിലനില്‍ക്കുമെന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മിക്ക രാജ്യങ്ങളുടെയും ജനസംഖ്യയില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് രോഗം ബാധിച്ചത്. കോവിഡിനെ നേരിടാന്‍ കുറുക്കുവഴികളോ മാന്ത്രിക വിദ്യയോ ഇല്ല. മാര്‍ഗം സമഗ്രമായ സമീപനം മാത്രമാണ്. പോരടാന്‍ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിക്കണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.